ന്യൂഡല്‍ഹി: കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നുള്ള വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കല്‍ക്കരി മന്ത്രി പ്രള്‍ഹാദ് ജോഷിയും ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിങ്ങും ഇരു മന്ത്രാലയത്തിലേയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
പവര്‍ പ്ലാന്റുകളിലെ കല്‍ക്കരിയുടെ ലഭ്യത, ഊര്‍ജ ആവശ്യം എന്നിവ ചര്‍ച്ചയായി. യോഗം മണിക്കൂറുകള്‍ നീണ്ടു. എന്‍ടിപിസിയിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ചൊവ്വാഴ്ച്ച പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് നിലവിലെ സാഹചര്യങ്ങള്‍ കല്‍ക്കരി, ഊര്‍ജ്ജ മന്ത്രാലയ സെക്രട്ടറിമാര്‍ വിശദീകരിക്കും.
ഡല്‍ഹിയടക്കം നിരവധി സംസ്ഥാനങ്ങില്‍ പ്രതിസന്ധിയെ തുടര്‍ന്ന് ബ്ലാക്ക്ഔട്ട് പ്രഖ്യാപിക്കുമെന്ന സൂചനയുണ്ടായിരുന്നു. പവര്‍ പ്ലാന്റുകളില്‍ കല്‍ക്കരി ലഭ്യത ഉറപ്പുവരുത്തുമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. പവര്‍ പ്ലാന്റുകളില്‍ 7.2 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ടെന്നും അടുത്ത നാല് ദിവസത്തേക്ക് ആശങ്കപ്പെടേണ്ടെന്നും കേന്ദ്രം അറിയിച്ചു. സര്‍ക്കാര്‍ ഉടമസ്ഥതിയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് 40 ദശലക്ഷം ടണ്‍ സ്‌റ്റോക്കുണ്ടെന്നും അറിയിച്ചിരുന്നു.
കല്‍ക്കരി ക്ഷാമമവും വൈദ്യുതി പ്രതിസന്ധിയുമില്ലെന്ന് പ്രള്‍ഹാദ് ജോഷിയും ആര്‍.കെ സിങ്ങും നേരത്തെ വ്യക്തമാക്കിയിരുന്നു. കല്‍ക്കരി ക്ഷാമത്തിന്റെ പേരില്‍ അനാവശ്യമായ ഭീതിയുണ്ടാക്കരുതെന്ന് ആര്‍.കെ സിങ്ങ് വ്യക്തമാക്കി.
അതേസമയം നിരവധി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അനൗദ്യോഗിക പവര്‍ കട്ട് തുടരുകയാണ്. കേന്ദ്ര വിഹിതം കുറഞ്ഞതാണ് പലയിടത്തും പ്രശ്‌നമായത്. രാജ്യത്തെ 70 ശതമാനം വൈദ്യുതി ഉല്‍പാദനലും കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ്.