കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ യുഡിഎഫ് ഭരണം നിലനിർത്തി. യുഡിഎഫിൻ്റെ സുഹ്‌റ അബ്ദുൽഖാദർ വീണ്ടും ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസം പ്രമേയം കൊണ്ടുവന്ന എൽഡിഎഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. 28 അംഗ നഗരസഭയിൽ 14 പേരുടെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം ഉറപ്പിച്ചത്.
എൽഡിഎഫ് വിട്ടുനിന്ന തിരഞ്ഞെടുപ്പിൽ നസീറ സുബൈർ എസ് ഡിപിഐ സ്ഥാനാർഥിയായെങ്കിലും യുഡിഎഫിന് വെല്ലുവിളിയായില്ല. അവിശ്വാസത്തിലൂടെ പുറത്തായ സുഹറ അബ്ദുൽ ഖാദർ തന്നെ അധ്യക്ഷയായി തുടരും.
അവിശ്വാസപ്രമേയ ചർച്ചയ്ക്കിടെ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് അംഗം അൻസൽന പരീക്കുട്ടിയെ യുഡിഎഫ് നേതൃത്വം പാളയത്തിൽ മടക്കിയെത്തിച്ചു. ഒറ്റയ്ക്ക് ഭരണം പിടിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്നാണ് എൽഡിഎഫിൻ്റെ വിശദീകരണം.
എസ്ഡിപിഐ പിന്തുണയോടെ എൽഡിഎഫ് അവിശ്വാസം വിജയിച്ചത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. ഇതിൻ്റെ കൂടി പശ്ചാത്തലത്തിലാണ് ഇടതുമുന്നണിയുടെ പിൻമാറ്റം. അവിശ്വാസത്തിലൂടെ തുടർച്ചയായ രണ്ട് നഗരസഭകളിൽ ഭരണം നഷ്ടപ്പെട്ട യുഡിഎഫിന് ഈരാറ്റുപേട്ടയിൽ ഭരണം നിലനിർത്താനായത് നേട്ടമായി.