കൊല്ലം: മനസാക്ഷിയെ ഞെട്ടിച്ച ഉത്രവധക്കേസില്‍ പ്രതിയും ഭർത്താവുമായ സൂരജ് കുറ്റക്കാരനെന്ന് കോടതി. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് ആണ് ശിക്ഷ വിധിച്ചത്. ഒരു വർഷം നീണ്ട വിചാരണക്ക് ശേഷമാണ് ഏറെ പ്രത്യേകതയുള്ള കേസിൽ കോടതി വിധി പുറപ്പെടുവിച്ചത്.
അഞ്ചൽ ഏറം വെള്ളാശ്ശേരിയിൽ വിജയസേനൻ-മണിമേഖല ദമ്പതികളുടെ മകൾ ഉത്രയെ (22) സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്നുവെന്നാണ് കേസ്. കേസിൽ 87 സാക്ഷി മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളുമാണ് അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയത്. പ്രതിഭാഗം മൂന്നു സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകളും തൊണ്ടിമുതലായി മൂന്നു സി.ഡികളും ഹാജരാക്കുകയും ചെയ്തു.
2020 മേയ് ഏഴിന് രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ മൂർഖൻ പാമ്പ് കടിച്ച് മരിച്ചനിലയിൽ കണ്ടത്. മുറിയിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായി.
സംഭവത്തിനുമുമ്പ് അടൂർ പറക്കോട്ടുള്ള സൂരജിന്റെ വീട്ടിൽ വെച്ച് അണലിയെക്കൊണ്ട് ഉത്രയെ കടുപ്പിച്ചിരുന്നു. അതിന്റെ ചികിത്സക്കു ശേഷം വിശ്രമിക്കുമ്പോഴായിരുന്നു മൂർഖനെ ഉപയോഗിച്ചുള്ള കൊലപാതകം. ജീവനുള്ള വസ്തു കൊലപാതകത്തിന് ഉപയോഗിച്ചെന്ന അപൂർവതയും കേസിനുണ്ട്.
ഉത്രയെ അണലിയെക്കൊണ്ടും മൂര്‍ഖനെക്കൊണ്ടും കടിപ്പിക്കുന്നതിനുമുന്‍പ് പലതവണ സൂരജ് ഇന്റര്‍നെറ്റില്‍ പാമ്പുകളെക്കുറിച്ച് തിരഞ്ഞതായി പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി. പാമ്പിന്റെ തലയില്‍ അമര്‍ത്തിപ്പിടിച്ച് വിഷം പുറത്തുവരുത്തിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കാന്‍ അന്വേഷണസംഘം ഡമ്മി പരീക്ഷണം നടത്തിയതിന്റെ തെളിവുകളും കോടതിയില്‍ സമർപ്പിച്ചിരുന്നു. നിർണായകമായ മൊഴി നൽകിയ പാമ്പുപിടുത്തക്കാരൻ ചാവരുകാവ് സുരേഷിനെ കേസിൽ മാപ്പുസാക്ഷിയാക്കി.
വിചാരണയുടെ തുടക്കം മുതൽ താൻ നിരപരാധിയാണെന്ന അവകാശവാദമാണ് പ്രതിയായ സൂരജ് കോടതിയിൽ ഉയർത്തിയിരുന്നത്. എന്നാൽ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ വാദം പൊളിക്കാൻ സാധിച്ചെന്ന് ചൂണ്ടിക്കാട്ടുന്ന പ്രോസിക്യൂഷൻ, സൂരജിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു.