ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. മുതിര്‍ന്ന നേതാവും ഉത്തരഖാണ്ഡ് ഗതാഗത വകുപ്പ് മന്ത്രിയുമായ യശ്പാല്‍ ആര്യയും മകൻ സഞ്ജീവ് ആര്യയും ബിജെപിയില്‍ നിന്നും രാജിവെച്ച് കോണ്‍ഗ്രസില്‍ ചേർന്നു. എംഎല്‍എ കൂടിയാണ് സഞ്ജീവ് ആര്യ.
കോൺഗ്രസിൽ ചേരുന്നതിൻ്റെ മുന്നോടിയായി യശ്പാലും മകനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ബിജെപി സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങളില്‍ ഇടഞ്ഞു നില്‍ക്കുകയായിരുന്നു യശ്പാല്‍. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി ഇടപെട്ട് യശ്പാലിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല.
കോണ്‍ഗ്രസ് വിട്ട് 2017 ലാണ് യശ്പാല്‍ ആര്യയും സഞ്ജീവും ബിജെപിയില്‍ ചേരുന്നത്. ഇതിന് പിന്നാലെ ബിജെപി യശ്പാലിന് ക്യാബിനറ്റ് മന്ത്രിസ്ഥാനവും നല്‍കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ക്കിടെയാണ് ബിജെപിക്ക് തിരിച്ചടിയായി മന്ത്രി യശ്പാല്‍ ആര്യ പാര്‍ട്ടി വിടുന്നത്.