തിരുവനന്തപുരം: മോൻസൺ മാവുങ്കലിന്‍റെ പക്കലുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് നിയമസഭയിൽ സ്‌ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെമ്പോല യഥാർഥമാണെന്ന് സര്‍ക്കാര്‍ ഒരു കാലത്തും അവകാശപ്പെട്ടിട്ടില്ല. ഇതില്‍ പരിശോധന നടക്കുകയാണെന്നും തെറ്റ് കണ്ടാൽ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ മോന്‍സണ്‍ മാവുങ്കലിന്‍റെ വീട്ടില്‍ പോയ സാഹചര്യം അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുരാവസ്തുക്കളിൽ സംശയം തോന്നിയ ബെഹ്റ എന്‍ഫോഴ്സ്മെന്‍റ് അന്വേഷണത്തിന് കത്ത് നൽകി. പോലീസ് ഉദ്യോഗസ്ഥരുടെ സൈബര്‍ സമ്മേളനമായ കൊക്കൂണ്‍ കോണ്‍ഫറന്‍സില്‍ മോന്‍സന്‍ പങ്കെടുത്തതായി അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയാണ്. മോന്‍സന്‍റെ കയ്യിലുണ്ടായിരുന്നവ പുരാവസ്തുക്കളാണോയെന്ന് പരിശോധിക്കേണ്ടത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ്. പുരാവസ്തുക്കള്‍ പരിശോധിക്കാന്‍ പോലീസിനാവില്ല. അതിനാലാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെ സമീപിച്ചത്. അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും തട്ടിപ്പിന് ഇടനില നിന്നവരെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.