മാതൃഭൂമിയിലെ തന്റെ അനുഭവങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി മാധ്യമപ്രവര്‍ത്തകന്‍ ടി.എം. ഹര്‍ഷന്‍. കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളില്‍ ഏറ്റവും ഗുരുതരമായ കുഴപ്പമുണ്ടാക്കിയിട്ടുള്ളത് മാതൃഭൂമിയാണെന്ന് അദ്ദേഹം ആരോപിച്ചു.‘നമോ ടിവിയാകുന്ന മലയാള മാധ്യമങ്ങള്‍’ എന്ന വിഷയത്തില്‍ ടി.എസ്. പഠനകേന്ദ്രം വയനാട് സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രഭാഷണ പരിപാടിയിലാണ് ഹര്‍ഷന്‍ തന്റെ അനുഭവങ്ങളും നിരീക്ഷണങ്ങളും തുറന്നുപറഞ്ഞത്. സ്ഥാപന മേധാവികളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് വഴങ്ങാത്തതിനാല്‍ തനിക്ക് പല തവണ നടപടികള്‍ നേരിടേണ്ടി വന്നതായും ഹര്‍ഷന്‍ കുറ്റപ്പെടുത്തി.
നോട്ടുനിരോധനം, ജെ.എന്‍.യു. സമരം, ഭീകരാക്രമണങ്ങള്‍, ഭീമ കൊറേഗാവ് കേസിലെ അറസ്റ്റുകള്‍, കശ്മീര്‍ വിഭജനം, സി.എ.എ. – എന്‍.ആര്‍.സി. സമരങ്ങള്‍, ദല്‍ഹി കലാപം, അയോധ്യ വിഷയം, ഉത്തര്‍പ്രദേശിലെ സംഘപരിവാറിന്റെ രാഷ്ട്രീയ പരീക്ഷണങ്ങള്‍ തുടങ്ങി നിരവധി വിഷയങ്ങളില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് സംഭവിച്ച ധാര്‍മിക തകര്‍ച്ചയെയും മാധ്യമങ്ങളുടെ കോര്‍പ്പറേറ്റ് രാഷ്ട്രീയ സേവയെയും കുറിച്ച് അദ്ദേഹം പ്രഭാഷണ പരിപാടിയിൽ വിശദീകരിച്ചു.
‘കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളില്‍ ഏറ്റവും ഗുരുതരമായ കുഴപ്പമുണ്ടാക്കിയിട്ടുള്ളത് മാതൃഭൂമിയാണെന്ന് ഞാന്‍ പറയും. മീശ നോവലുമായി ബന്ധപ്പെട്ട് കേരളത്തില്‍ വലിയ വിവാദമുണ്ടായി. ആ വിവാദങ്ങളുടെ തുടര്‍ച്ചയെ തുടര്‍ന്നുണ്ടായ മറ്റൊരു മാധ്യമത്തിലാണ് ഞാനിപ്പോള്‍ ജോലി ചെയ്യുന്നത്. അന്ന് മാതൃഭൂമിക്ക് പരസ്യം നല്‍കുന്ന ഭീമ ജ്വല്ലറി സംഘപരിവാര്‍ അനുകൂല താത്പര്യത്തെ തുടര്‍ന്ന് പരസ്യം നല്‍കില്ല എന്ന നിലപാട് സ്വീകരിച്ചതോടെയാണ് മാതൃഭൂമി നോവല്‍ പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായത്. സംഘടിത നീക്കങ്ങള്‍ക്ക് മാധ്യമങ്ങള്‍ വഴങ്ങും എന്നത് പരസ്യമായി തെളിയിച്ചത് മാതൃഭൂമിയാണ്. ശബരിമല വിഷയത്തില്‍ മാതൃഭൂമി സംഘപരിവാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്,” ഹര്‍ഷന്‍ പറഞ്ഞു.
എല്ലാ മാധ്യമങ്ങളും അവരുടെ സേഷ്യല്‍ മീഡിയ പോളിസി ഉപയോഗിക്കുന്നത് കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ വേണ്ടിയാണെന്നും പല തവണ ഇത്തരത്തില്‍ കാരണം കാണിക്കല്‍ നോട്ടീസ് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ഹര്‍ഷന്‍ കൂട്ടിച്ചേര്‍ത്തു.