കൊല്ലം; ഉത്ര വധക്കേസിൽ (uthra murder case)വിധി ഇന്ന്. ഉത്ര മരിച്ച് ഒരു വർഷവും 5 മാസവും 4 ദിവസവും തികയുമ്പോഴാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷൻസ് കോടതിയുടെ വിധി. ഉത്രയെ ഭർത്താവ് സൂരജ് മൂർഖൻ പാമ്പിനെ കൊണ്ട് കൊത്തിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ഒറ്റപ്രതി മാത്രമുള്ള കേസില്‍ കോടതി വിധി കേള്‍ക്കാന്‍ ഉത്രയുടെ വീട്ടുകാരും അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിലെത്തും.
കേസ് ഉച്ചയ്ക്കുമുന്‍പ് പരിഗണിക്കാനാണ് സാധ്യത. പ്രതി കുറ്റക്കാരനാണോ അല്ലയോ എന്നുവിധിച്ച ശേഷം പ്രതിയുടെ ഭാഗം വീണ്ടും കേള്‍ക്കും. ശേഷമാകും ശിക്ഷാ വിധി പ്രസ്താവിക്കുക.കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം. മനോജാണ് കേസിൽ വിധി പറയുക. വിചാരണയ്ക്കിടയിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്നു 87 സാക്ഷികളെയും 288 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. മൂന്ന് തവണയാണ് സൂരജ് ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ രണ്ട് തവണ ഉത്രക്ക് പാമ്പിന്റെ കടിയേറ്റു. പാമ്പു പിടുത്തക്കാരനായ കല്ലുവാതുക്കൽ ചാവരുകാവ് സ്വദേശി സുരേഷിൽ നിന്നാണു സൂരജ് മൂർഖൻ പാമ്പിനെ വാങ്ങിയത്. സാക്ഷികൾ ഇല്ലാത്ത കേസിൽ സുരേഷ് മാപ്പു സാക്ഷിയാണ്.
2020 മെയ് ആറിനാണ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടുത്തക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് ഇയാള്‍ പാമ്പിനെ വാങ്ങിയത്. ഏപ്രില്‍ മാസത്തില്‍ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യില്‍ നിന്നും പ്രതി മൂര്‍ഖനെ വാങ്ങുകയായിരുന്നു.തുടര്‍ച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.