പാലക്കാട്: കോവിഡ് രോഗി സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തതായി ആരോപണം. പാലക്കാട് കണ്ണാടിയിലെ തണ്ണീര്‍ പന്തല്‍ ബ്രാഞ്ച് സമ്മേളനത്തിലാണ് കോവിഡ് രോഗി പങ്കെടുത്തത്. പാര്‍ട്ടി അംഗമായ ശ്രീധരനും ഭാര്യയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സമ്മേളനത്തില്‍ പങ്കെടുത്തതാണ് വിവാദമായത്. സംഭവത്തില്‍ ശ്രീധരനെതിരെ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തു.
രോഗബാധിതനായി അഞ്ച് ദിവസം മാത്രമാണ് ആയതെങ്കിലും ശ്രീധരന്‍ പാര്‍ട്ടി സമ്മേളനത്തില്‍ സജീവമായിരുന്നതായാണ് വിവരം. രോഗബാധിതനായ ആള്‍ പങ്കെടുക്കുന്നതില്‍ പാര്‍ട്ടിയിലെ ചില പ്രവര്‍ത്തകര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ഇയാള്‍ അത് കാര്യമാക്കിയില്ലെന്നാണ് വിവരം.
ഒക്ടോബര്‍ അഞ്ചിന് ആന്റിജന്‍ ടെസ്റ്റിലൂടെയായിരുന്നു ശ്രീധരന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇതുപ്രകാരം ശ്രീധരനും അദ്ദേഹവുമായി നേരിട്ട് സമ്പര്‍ക്കമുള്ള കുടുംബാംഗങ്ങളും ക്വാറന്റീനില്‍ കഴിയണം. ഇത് തെറ്റിച്ചാണ് ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തത്.
എന്നാല്‍ ഈ മാസം ഒന്നാം തീയതി മുതല്‍ സ്വയം നിരീക്ഷണത്തിലായിരുന്നുവെന്നും പത്തു ദിവസമായതു കൊണ്ടാണ് സമ്മേളനത്തില്‍ പങ്കെടുത്തതെന്നുമാണ് ശ്രീധരന്റെ വിശദീകരണം.