ന്യൂഡൽഹി: കൽക്കരി ക്ഷാമത്തെ തുടർന്ന് മഹാരാഷ്ട്രയിലും പഞ്ചാബിലും താപവൈദ്യുതി നിലയങ്ങൾ അടച്ചു. മഹാരാഷ്ട്രയിൽ പതിമൂന്നും പഞ്ചാബിൽ മൂന്നും താപവൈദ്യുത നിലയങ്ങളാണ് അടച്ചുപൂട്ടിയത്.
3330 മെഗാവാട്ടിന്റെ ക്ഷാമമാണ് ഇപ്പോൾ മഹാരാഷ്ട്ര നേരിടുന്നത്. അടിയന്തര സാഹചര്യത്തെ നേരിടാൻ ഹൈഡ്രോപവർ യൂണിറ്റുകളിൽ നിന്ന് വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് മഹാരാഷ്ട്ര വൈദ്യുത സ്റ്റേറ്റ് ഇലക്ട്രിസിറ്റ് കമ്മീഷൻ വ്യക്തമാക്കി.
പഞ്ചാബിൽ 5620 മെഗാവാട്ടാണ് താപവൈദ്യുതി നിലയങ്ങളുടെ ആകെ ഉത്പാദനശേഷി. എന്നാൽ നിലവിൽ 2800 മെഗാവാട്ട് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. കൽക്കരി ക്ഷാമത്തെ തുടർന്ന് മൂന്ന് പ്ലാന്റുകളും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് രണ്ട് പ്ലാന്റുകളും അടച്ചുപൂട്ടാൻ നിർബന്ധിതരായെന്ന് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി വ്യക്തമാക്കി.
വൈദ്യുതി ക്ഷാമത്തെ നേരിടാന്‍ ഇപ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സ്വകാര്യ കേന്ദ്രങ്ങളില്‍ നിന്നുമാണ് പഞ്ചാബ് വൈദ്യുതി വാങ്ങുന്നത്. എന്നാല്‍ സര്‍ക്കാരിന് ഭീമമായ തുകയാണ് ഇതിനായി ചെലവഴിക്കേണ്ടി വരുന്നതെന്ന് പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്പ്പറേഷന് ലിമിറ്റഡ് ചെയര്മാന് എ വേണുപ്രസാദ് പറഞ്ഞു. വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മൂന്ന് മണിക്കൂര്‍ മുതല്‍ ആറ് മണിക്കൂര്‍ വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനെതിരേ വലിയ പ്രതിഷേധവും സംസ്ഥാനത്ത് ഉയര്‍ന്നിട്ടുണ്ട്.