ലക്‌നൗ: ലഖിംപൂര്‍ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ച് സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷനും ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. കര്‍ഷകരെ ഇടിച്ചുവീഴ്‌ത്തിയവര്‍ക്ക് ഇന്ത്യന്‍ ഭരണഘടനയെയും ചവിട്ടിമെതിക്കാന്‍ കഴിയുമെന്നും അവര്‍ നാളെ കര്‍ഷകരെ കഴിയുമെങ്കില്‍ തീവ്രവാദികളായി മുദ്രകുത്തുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. സഹറൻപൂരിൽ നടത്തിയ പൊതു സമ്മേളനത്തിലാണ് അദ്ദേഹത്തിന്‍റെ വിമർശനം.
കർഷകർ അന്നദാതാക്കളാണ്. അവർ ഇന്ന് അപമാനിതരാകുകയാണ്. എന്നിട്ടും സമരത്തിൽ നിന്ന് പിന്മാറാത്ത കർഷകരുടെ ആത്മവിശ്വാസത്തെയും നിശ്ചയദാർഢ്യത്തെയും അഭിനന്ദിക്കുന്നു. കുറ്റവാളികളെ സംരക്ഷിക്കാനാണ് യുപി സർക്കാർ ശ്രമിക്കുന്നതെന്നും കേന്ദ്രമന്ത്രി അജയ് മിശ്ര രാജിവെക്കണെമന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.
വരുംനാളുകളില്‍ ബിജെപിയെ യുപിയിലെ ജനങ്ങള്‍ തുടച്ച് നീക്കുമെന്നും അഖിലേഷ് പ്രത്യാശ പ്രകടിപ്പിച്ചു.