തിരുവനന്തപുരം: ബിജെപി പുനഃസംഘടനയിൽ നേതാക്കളുടെ പ്രതിഷേധം തുടരുന്നു. ബിജെപിയുടെ ചാനൽ ചർച്ച പാനലിലുള്ളവരുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് മുതിർന്ന നേതാക്കൾ ലെഫ്റ്റടിച്ചു. പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എൻ. രാധാകൃഷ്ണൻ, എം.എസ്. കുമാർ എന്നിവരാണ് ഗ്രൂപ്പിൽനിന്ന് പുറത്തുപോയത്.
പി.ആര് ശിവശങ്കറിനെ ചാനല്‍ചര്‍ച്ചയ്ക്കുള്ള പാനലില്‍ നിന്ന് കഴിഞ്ഞ ദിവസം ഒഴിവാക്കുകയും തുടര്‍ന്ന് ഇതിനെതിരെ വലിയ പ്രതിഷേധവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നു. ശിവശങ്കറിനെ പുറത്താക്കിയത് പ്രസ് റിലീസിലൂടെ അറിയിച്ചതും വിവാദമായിരുന്നു.
കഴിഞ്ഞ ദിവസം കെ. സുരേന്ദ്രനെതിരേ പരോക്ഷ വിമർശനവുമായി ശോഭാ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. പുരാണ കഥയിലെ പ്രഹ്ലാദനെയും, പ്രഹ്ലാദനെ നിരന്തരം ആക്രമിച്ച ഹിരണ്യകശ്യപുവിനെയും ഓർമിപ്പിച്ചാണ് ശോഭയുടെ വിമർശനം. ഇതുവരെ ഒരു പദവികൾക്കു പിന്നാലെയും പോയിട്ടില്ല. പദവികളിലേക്കുള്ള പടികൾ തന്നെ പ്രലോഭിപ്പിച്ചിട്ടുമില്ല. ജനങ്ങൾക്കിടയിലെ പ്രവർത്തനത്തിന് ഒരു ചുമതലയുടെയും ആവശ്യമില്ലെന്ന് നിരവധി മഹദ് വ്യക്തികൾ തെളിയിച്ചതാണെന്നും ശോഭ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരുന്നു.
പുതിയ സംസ്ഥാന നേതൃത്വം വന്നതിനുശേഷമാണ് പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായതെന്നാരോപിച്ച് ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ ദിവസങ്ങള്‍ക്കുമുന്‍പ് വിമര്‍ശനമുന്നയിച്ചിരുന്നു. പുനസംഘടനയില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്. തെരഞ്ഞെടുപ്പ് തോല്‍വിയില്‍ നടപടിയുണ്ടാകുമെന്ന് പറഞ്ഞെങ്കിലും വിവരശേഖരണം മാത്രമാണ് നടന്നത്. പാര്‍ട്ടിയില്‍ പരസ്പര വിശ്വാസവും അഭിപ്രായസ്വാതന്ത്ര്യവുമില്ല. മെഡിക്കല്‍ കോളജ് അഴിമതി അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം തന്നെ ഒതുക്കുകയായിരുന്നെന്നും നസീര്‍ പറഞ്ഞു.
ഇതേത്തുടർന്നു നസീറിനെ സസ്പെൻഡ് ചെയ്തതായി നേതൃത്വം പ്രഖ്യാപിച്ചു. ഇതോടൊപ്പം സുൽത്താൻ ബത്തേരി മണ്ഡലം പ്രസിഡന്റ് കെ.ബി.മദൻലാലിനെയും സസ്പെൻഡ് ചെയ്തു.
നേരത്തെ, പുനഃസംഘടനയിൽ പ്രതിഷേധിച്ച് വയനാട് ബിജെപി നേതാക്കൾ രാജിവച്ചിരുന്നു. ബത്തേരി നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.ബി. മദൻലാൽ ഉൾപ്പടെ പതിമൂന്നംഗ കമ്മിറ്റിയാണ് രാജിവച്ചത്.