തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഉടന്‍ ഉണ്ടാകില്ല. വെകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ ഉപഭോക്താക്കള്‍ വൈദ്യുതി ഉപഭോഗം നിയന്തിക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കണമെന്ന്‍ കെഎസ്ഇബി നിര്‍ദേശിച്ചു. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധി യൂണിറ്റിന് 18 രൂപ നിരക്കില്‍ വാങ്ങിയാണ് പരിഹരിക്കുന്നത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ നാളെ ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രിയുടെ നേതൃത്വത്തില്‍ രാവിലെ 8:30ന് നിയമസഭയില്‍ വച്ചാണ് യോഗം. കെഎസ്ഇബി. ചെയര്‍മാന്‍, ബോര്‍ഡ് ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് ഉണ്ടായ വൈദ്യുതി കുറവ് എങ്ങനെ നേരിടാം എന്നതിനെ പറ്റി യോഗം ചര്‍ച്ച ചെയ്യും.
സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ 2500 മെഗാവാട്ട് വൈദ്യുതിയും രാത്രി സമയങ്ങളില്‍ 3500 മെഗാവാട്ടുമാണ് ഉപഭോഗം. നിലവില്‍ മഴ ലഭിക്കുന്നതും ഡാമില്‍ വെള്ളമുള്ളതും ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ആവശ്യത്തിന് വൈദ്യുതി ഉത്പാദിക്കുന്നുണ്ട്. താപ വൈദ്യുതി നിലയങ്ങളില്‍ നിന്ന് വാങ്ങുന്ന വൈദ്യുതിയാണ് കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് നിന്നത്. 300 മെഗാവാട്ടിന്റെ കുറവാണ് ഇപ്പോള്‍ നേരിടുന്നത്. കല്‍ക്കരി പ്രതിസന്ധി നീണ്ടുപോയാല്‍ ലോഡ്‌ഷെഡിങ് നടപ്പാക്കേണ്ടിവരും. കല്‍ക്കരി ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉത്തരേന്ത്യയിൽ കൽക്കരി ക്ഷാമം രൂക്ഷമാണ്. രാജ്യത്തെ താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തനം ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങി. പഞ്ചാബിലും രാജസ്ഥാനിലും ഉത്തർപ്രദേശിലും പവർകട്ട് പ്രഖ്യാപിച്ചു. ദില്ലിയിൽ ബ്ലാക്ക് ഔട്ട് മുന്നറിയിപ്പ് നൽകി. കൽക്കരി വിതരണത്തില്‍ പുരോഗതിയുണ്ടാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.
പല സംസ്ഥാനങ്ങളിലും 14 മണിക്കൂര്‍ വരെയാണ് അനൗദ്യോഗിക പവര്‍ കട്ട്. മതിയായ വൈദ്യുതിയുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. പവര്‍കട്ട് രൂക്ഷമാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 135 കല്‍ക്കരി വൈദ്യുതി നിലയങ്ങളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തെ മൊത്തം വൈദ്യുതിയുടെ 70 ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കല്‍ക്കരി വൈദ്യുതി നിലയങ്ങളില്‍ നിന്നാണ്.
കേന്ദ്ര ഗ്രിഡിൽ നിന്നുള്ള വൈദ്യുതിയെ ആശ്രയിക്കുന്ന കേരളത്തിലും വൈദ്യുതി ക്ഷാമം നേരിടാനുള്ള സാധ്യതകളാണ് മുന്നിലുള്ളത്. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് കേരളത്തിലേക്ക് എത്തുന്ന വൈദ്യുതിയിലും കുറവുണ്ടായിട്ടുണ്ട്. എനര്‍ജി എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങിയാണ് കേരളം തൽക്കാലം പ്രതിസന്ധിയെ മറികടക്കുന്നത്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും വെള്ളപ്പൊക്കവും മൂലം കല്‍ക്കരി ഖനനവും ചരക്ക് നീക്കവും തടസ്സപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കുന്നത്. എന്നാല്‍ മിക്ക താപനിലയങ്ങളിലും ആവശ്യത്തിന് കരുതല്‍ ശേഖരം ഉണ്ടായിരുന്നില്ലന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.