ദുബായ്: ഇന്ന് നടക്കുന്ന ഐപിഎല്‍ ക്വാളിഫയര്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. പോയിൻ്റ് പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഇത്. ഈ മത്സരത്തിൽ വിജയിക്കുന്ന ടീം ഫൈനലിലേക്ക് യോഗ്യത നേടും. പരാജയപ്പെടുന്ന ടീം എലിമിനേറ്ററിൽ വിജയിക്കുന്ന ടീമുമായി ക്വാളിഫയർ രണ്ടിൽ ഏറ്റുമുട്ടും. ആ കളി വിജയിക്കുന്ന ടീമും ഫൈനൽ കളിക്കും.
ചെന്നൈ കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ഡല്‍ഹി റിപുല്‍ പട്ടേലിന് പകരം ടോം കറന്‍ ടീമിലിടം നല്‍കി.
അവസാന മൂന്ന് മത്സരങ്ങളിൽ പരാജയം രുചിച്ചാണ് ചെന്നൈ പ്ലേ ഓഫിലെത്തുന്നത്. പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചിരുന്ന ചെന്നൈ അപ്രതീക്ഷിതമായ ഈ തോൽവികളുടെ പശ്ചാത്തലത്തിലാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അവസാന രണ്ട് തോൽവികളും ഇന്ന് കളി നടക്കുന്ന ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിലാണ്. അതിലൊരു തവണ ഡൽഹിയോടാണ് അവർ കീഴടങ്ങിയത്.
ഡൽഹി ക്യാപിറ്റൽസും ഒരു അവിശ്വസനീയ തോൽവി വഴങ്ങിയാണ് പ്ലേ ഓഫിലെത്തുന്നത്. ഈ തോൽവിയും ഇതേ സ്റ്റേഡിയത്തിലായിരുന്നു. എങ്കിലും ആ തോൽവിയുടെ ആഘാതം മാറ്റിവച്ച് തന്നെയാവും ഡൽഹി കളത്തിലിറങ്ങുക. ഋഷഭ് പന്ത്, ശ്രേയാസ് അയ്യർ, ഷിംറോൺ ഹെട്മെയർ എന്നിവരൊക്കെ വേണ്ട സമയത്ത് കൃത്യമായി പ്രകടനം നടത്തുന്നു. റബാഡ, നോർക്കിയ, അവേഷ്, അക്സർ എന്നിവർ അപാര ഫോമിലാണ്.
ഇക്കുറി ഏറ്റവുമധികം കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമും ഡല്‍ഹി തന്നെ. മറുവശത്ത് 2020-ല്‍ ഏഴാം സ്ഥാനത്ത് മാത്രമെത്തിയ ചെന്നൈ ഇക്കുറി തിരിച്ചടിക്കാനുള്ള പ്രയത്‌നത്തിലാണ്. മൂന്ന് തവണ (2010. 2011, 2018) ഐ.പി.എല്‍ കിരീടം നേടിയിട്ടുള്ള ടീമാണ് ചെന്നൈ. ഡല്‍ഹിയ്ക്ക് ഇതുവരെ കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചിട്ടില്ല.
ഈ സീസണില്‍ പ്രാഥമിക ഘട്ടത്തില്‍ രണ്ട് തവണ ഏറ്റുമുട്ടിയപ്പോഴും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്താന്‍ ഡല്‍ഹിയ്ക്ക് സാധിച്ചു. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ മൂന്ന് വിക്കറ്റിനുമാണ് ഡല്‍ഹി വിജയിച്ചത്.