നാഗചൈതന്യയും സാമന്തയും തമ്മിൽ വേർപിരിഞ്ഞതിന് പിന്നാലെ നടൻ സിദ്ധാർഥ് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചയായിരുന്നു. ‘സ്കൂളിലെ ഒരു അധ്യാപകനിൽ നിന്ന് ഞാൻ പഠിച്ച ആദ്യ പാഠങ്ങളിലൊന്ന് ‘വഞ്ചകർ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല..’ നിങ്ങളുടേത് എന്താണ്?” എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്.
മുൻ കാമുകിയായിരുന്ന സാമന്തയെ സിദ്ധാർഥ് ‘തേപ്പുകാരി’യാക്കിയെന്നും സൈബറിടങ്ങളിൽ പുരോഗമന നിലപാടുകൾ സ്വീകരിക്കുന്ന താരത്തിൽ നിന്ന് ഇത്തരത്തിൽ ഒരു പരാമർശം പ്രതീക്ഷിച്ചിച്ചെന്നുമായിരുന്നു വിമർശനം. എന്നാൽ വിവാദങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിദ്ധാർഥ് ഇപ്പോൾ.
One of the first lessons I learnt from a teacher in school…
“Cheaters never prosper.”
What’s yours?
— Siddharth (@Actor_Siddharth) October 2, 2021
ട്വീറ്റ് സാമന്തയുടെ വിവാഹമോചനത്തെക്കുറിച്ചുള്ളതാണെന്ന വാദങ്ങൾ സിദ്ധാർഥ് തള്ളി. ട്വീറ്റ് തന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും ആളുകൾ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാണെങ്കിൽ അത് തന്റെ കുഴപ്പമല്ലെന്നും സിദ്ധാർഥ് പറഞ്ഞു.
‘ഞാൻ എൻറെ ജീവിതത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. മറ്റൊന്നുമായും ബന്ധമില്ല. അതുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്നുമായി ബന്ധപ്പെടുത്തുകയാണെങ്കിൽ, അതാണ് നിങ്ങളുടെ പ്രശ്നം’ – ട്വീറ്റ് സാമന്തയെ കുറിച്ചാണോ എന്ന ചോദ്യത്തിന് സിദ്ധാർഥ് നൽകിയ മറുപടി.
‘ഞാൻ 12 വർഷമായി ട്വീറ്റ് ചെയ്യുന്നു. തെരുവ് നായ്ക്കൾ എന്റെ വീടിന്റെ പുറത്ത് നിന്ന് കുരക്കുന്നുവെന്ന് ഞാൻ ട്വീറ്റ് ചെയ്തു. ഇത് കണ്ട് ആരെങ്കിലും നിങ്ങൾ എന്നെ നായ് എന്ന് വിളിച്ചുവെന്ന് പറഞ്ഞ് വന്നാൽ എനിക്ക് എന്ത് ചെയ്യാൻ പറ്റും. ഞാൻ യഥാർഥ നായ്ക്കളെ കുറിച്ചാണ് സംസാരിച്ചത്’- എന്ന് സിദ്ധാർഥ് പറഞ്ഞു. വഞ്ചന എന്നത് തന്റെ അടുത്ത തെലുഗു ചിത്രമായ മഹാസമുദ്രത്തിന്റെ പ്രമേയമാണെന്നും നടൻ കൂട്ടിച്ചേർത്തു.