ദില്ലി: കോൺഗ്രസ്സിനെ മാറ്റിനിർത്തിയുള്ള പ്രതിപക്ഷ ഐക്യനീക്കം പ്രായോഗികമല്ലെന്ന് സിപിഎം പിബിയിൽ വിലയിരുത്തൽ. ഇപ്പോഴും ഇന്ത്യയിൽ മുഖ്യ പ്രതിപക്ഷ പാർട്ടി കോൺഗ്രസാണെന്ന് വാദമുയർന്നു. വർഗീയതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസ്സിന് വീഴ്ചകളുണ്ടാകുന്നുവെന്ന് എതിർവാദവുമുണ്ടായി. നിലവിലെ സാഹചര്യത്തിൽ ഫെഡറൽ മുന്നണിയോ, മൂന്നാം മുന്നണിയോ പ്രായോഗികമല്ലെന്നും ജനകീയ വിഷയങ്ങളിൽ പ്രാദേശിക പാർട്ടികളുമായി സഹകരിക്കാമെന്നും പിബി ധാരണയിലെത്തി.
ബിജെപിക്ക് എതിരായ കർഷക – തൊഴിലാളി സമരങ്ങളാണ് കേന്ദ്ര സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഈ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പിബി തീരുമാനിച്ചു. വർഗ-ബഹുജന സംഘടനകൾ ജനക്ഷേമ വിഷയങ്ങളിൽ കൂടുതൽ ഇടപെടണം. ജനകീയ വിഷയങ്ങളിൽ പ്രാദേശിക പാർട്ടികൾക്കൊപ്പം പ്രക്ഷോഭം നടത്തണം. തെരഞ്ഞെടുപ്പ് ധാരണയിൽ കോൺഗ്രസിനെ മാറ്റി നിര്‍ത്താനാവില്ലെന്നും യോഗം വിലയിരുത്തി.