കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരെ (monson mavunkal) ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. ഡിആര്‍ഡിഒയുടെ പേരിലാണ് വ്യാജരേഖ ഉണ്ടാക്കിയതിനെതിരെയാണ് കേസ്. ഇറിഡിയം കൈവശം വയ്ക്കാൻ അനുമതി ഉണ്ടെന്നുള്ള രേഖയാണ് മോൻസൻ വ്യാജമായി ചമച്ചത്. ഗവേഷകരുടെ വ്യാജ ഒപ്പും സീലും മോന്‍സന്‍ നിർമ്മിച്ചെന്നും ക്രൈംഞ്ച്രാഞ്ച് കണ്ടെത്തി. സംഭവത്തില്‍ വിശദാംശങ്ങൾ തേടി ഡിആര്‍ഡിഒക്ക് അന്വേഷണസംഘം കത്ത് നല്‍കി. മോൺസൺ മാവുങ്കലിനെതിരെ ഇതുവരെ ഏഴ് കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മോന്‍സന്‍ അറസ്റ്റിലായതിന് പിന്നാലെ പൊലീസ് സ്റ്റേഷനുകളില്‍ പരാതി പ്രവാഹമാണ്. ഒന്നരലക്ഷം രൂപ വാങ്ങി തട്ടിച്ചെന്ന് കാട്ടി ആലപ്പുഴ തുറവൂര്‍ സ്വദേശി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ ഒരു തട്ടിപ്പ് കേസ് കൂടി മോൻസൻ മാവുങ്കലിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്നു. 2017 ഡിസംബര്‍ 29 ന് തന്നോട് ഒന്നരലക്ഷം രൂപ മോന്‍സന്‍ ആവശ്യപ്പെട്ടു. തന്‍റെ സഹോദരന്‍ വഴിയാണ് ബന്ധപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധി മൂലം തന്‍റെ കൈയില്‍ പണമിലെന്ന് പറഞ്ഞു. 20 ദിവസത്തിനകം തിരിച്ചു തരുമെന്നും സ്വര്‍ണം പണയം വെച്ചെങ്കിലും പണം കണ്ടെത്താന്‍ ആവശ്യപ്പെട്ടും. തുടര്‍ന്ന് ഭാര്യയുടെ സ്വര്‍ണം പണയം വെച്ച് തുക ഒപ്പിച്ചു. മോന്‍സന്‍ ആവശ്യപ്പെട്ട പ്രകാരം 2018 ജനുവരിയില്‍ പണം തുറവൂരിലെ ഒരു കച്ചവടക്കാരനെ ഏല്പ്പിച്ചു. എന്നാല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും പണം തിരികെ തന്നില്ലെന്നാണ് പരാതി.