കൊച്ചി ∙ കേരള പൊലീസുമായുള്ള അടുത്ത ബന്ധത്തെപ്പറ്റി വ്യാജപുരാവസ്തു സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതി മോൻസൻ മാവുങ്കൽ നൽകിയ മൊഴികൾ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘത്തിനു തലവേദനയാകുന്നു. തട്ടിപ്പിലൂടെ നേടിയതായി സംശയിക്കുന്ന പണം മോൻസൻ എന്തു ചെയ്തെന്ന ചോദ്യത്തിനാണു ലക്ഷങ്ങൾ മുടക്കി താൻ സ്പോൺസർ ചെയ്ത കേരള പൊലീസിന്റെ വിവിധ പരിപാടികളുടെ പട്ടിക മോൻസൻ നിരത്തിയത്. പൊലീസ് ഉദ്യോഗസ്ഥരുടെയും മതനേതാക്കളുടെയും ശുപാർശ അനുസരിച്ചു താൻ ചെയ്ത കോടികളുടെ ചാരിറ്റി പരിപാടികളുടെ വിശദാംശങ്ങളും മോൻസൻ അന്വേഷണ സംഘത്തിനു നൽകി.
ഈ മൊഴികളുടെ വസ്തുത അന്വേഷിക്കണമെങ്കിൽ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെയും കേരളത്തിലെ ഉന്നതരായ മതനേതാക്കളുടെയും മൊഴികൾ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി കുറ്റപത്രത്തിനൊപ്പം കോടതിയിൽ സമർപ്പിക്കേണ്ടിവരും. മോൻസന്റെ മൊഴികൾ നിഷേധിക്കാൻ കഴിയാത്ത വിധത്തിൽ, താൻ വൻതുക മുടക്കി സ്പോൺസർ ചെയ്തതായി അവകാശപ്പെടുന്ന ഔദ്യോഗിക പരിപാടികളുടെയും മതപരമായ ചടങ്ങുകളുടെയും വിഡിയോകളും തുക കൈമാറിയതിന്റെ രേഖകളും മോൻസൻ സൂക്ഷിച്ചിട്ടുണ്ട്.
കേസിലെ പ്രോസിക്യൂഷൻ നടപടികൾ തുടങ്ങിയാൽ ഈ രേഖകൾ പ്രതിഭാഗം കോടതി മുൻപാകെ സമർപ്പിക്കുമെന്ന വെല്ലുവിളിയും അന്വേഷണ സംഘം നേരിടുന്നുണ്ട്. സ്വന്തം മേലുദ്യോഗസ്ഥരുടെ മൊഴിയെടുക്കേണ്ടി വരുന്ന ധർമസങ്കടത്തിലാണു പ്രത്യേക അന്വേഷണ സംഘം. മതനേതാക്കളുടെ മൊഴിയെടുക്കുന്നതും ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്കു വഴിയൊരുക്കും.
മോൻസൻ പ്രതിയായ കേസുകളിൽ കേരള പൊലീസിന്റെ അന്വേഷണം ഫലപ്രദമാവില്ലെന്ന അഭിപ്രായമാണു ശക്തമാകുന്നത്. തട്ടിപ്പിന്റെ വിദേശ ബന്ധങ്ങൾ പുറത്തുവന്നാൽ ഇക്കാര്യം ചൂണ്ടിക്കാട്ടി കേസന്വേഷണം കേന്ദ്ര ഏജൻസികൾക്കു കൈമാറി തലവേദന ഒഴിവാക്കാൻ സംസ്ഥാന സർക്കാരിനു കഴിയും. ഇതിനുള്ള തെളിവുകളാണു ക്രൈംബ്രാഞ്ച് സംഘം ഇപ്പോൾ ശേഖരിക്കാൻ ശ്രമിക്കുന്നത്.