കൊല്ലം: സമരം നയിച്ചതിന്റെ പേരിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് റജിസ്റ്റർ ചെയ്ത കേസ് കെട്ടിച്ചമച്ചതാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി എം.എം. നസീർ. വെളിനല്ലൂർ ഗ്രാമപ്പഞ്ചായത്തിൽ കോഴി മാലിന്യ സംസ്കരണ പ്ലാന്റിനെതിരെയുള്ള സമരവുമായി ബന്ധപ്പെട്ട കേസാണ് കെട്ടിച്ചമച്ചതാണെന്ന് എം.എം. നസീർ ആരോപിക്കുന്നത്. കോൺഗ്രസിന്റെ നേതൃത്വത്തിൽ നടക്കുന്ന സമരം തകർക്കാൻ പ്ലാന്റുടമകൾ എൽഡിഎഫ് നേതൃത്വത്തിന്റെ സ്വാധീനത്തിലാണ് ഇത്തരം കള്ളക്കേസ് എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെളിനല്ലൂരിൽ നിർമിക്കുന്ന പ്ലാന്റിന്റെ ഉടമസ്ഥർ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷജിലും അർജുനും ആണെന്നും തന്റെ മണ്ഡലത്തിലുള്ള പ്ലാന്റിന്റെ രണ്ടാം യൂണിറ്റാണ് ഇതെന്നും വിളിച്ചു പറഞ്ഞത് കെപിസിസി വർക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ് എംഎൽഎയാണെന്നു നസീർ പറഞ്ഞു. സമരത്തിൽ നിന്നു പിന്മാറണ മെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
സിദ്ദീഖ് വിളിച്ചതിന് പിന്നാലെ നെടുമ്പന പഞ്ചായത്തിലുള്ള ഫൈസൽ കുളപ്പാടം, സമദ് ഉൾപ്പെടെയുള്ളവർ വന്നുകണ്ടു. വ്യക്തിപരമായി വർഷങ്ങളായി അറിയാവുന്ന ഇവരോടു പണം ആവശ്യപ്പെട്ടിട്ടില്ലെന്നും എം.എം. നസീർ പറഞ്ഞു. ഉടമസ്ഥരെന്നു സിദ്ദിഖ് പരിചയപ്പെടുത്തിയിരുന്ന ഷജിൽ, അർജുൻ എന്നിവരെ കണ്ടിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിൽ നിന്നു പിന്മാറാൻ പല വാഗ്ദാനങ്ങളും നൽകിയെ ങ്കിലും നിരസിക്കുകയായിരുന്നു. വസ്തുത ഇതായിരിക്കെ കോഴ വാങ്ങിയെന്നു പ്രചരിപ്പിക്കുന്നതി നു പിന്നിൽ നിഗൂഢ ലക്ഷ്യങ്ങളാ ണ്. മുളയറച്ചാൽ വാർഡിലെ ഉപതിരഞ്ഞെടുപ്പു വരുന്നതിനാൽ കോൺഗ്രസ് സമരം അവസാനിപ്പിക്കേണ്ടത് എൽഡിഎഫിന്റെ ആവശ്യമാണ്. പ്രദേശത്തെ ചില കെഎസ്‌യു പ്രവർത്തകരെ ഇവർ വിലയ്ക്കെ ടുത്തിരിക്കുകയാണ് എന്നും എം.എം. നസീർ ആരോപിച്ചു.
ചടയമംഗലം നിയമസഭാ മണ്ഡലത്തിലുള്ള ഭൂരിപക്ഷം മണ്ഡലം കമ്മിറ്റികളും ഡിസിസിയും കൊടിക്കുന്നിൽ സുരേഷ് എംപി, എൻ.കെ.പ്രേമചന്ദ്രൻ എംപി തുടങ്ങിയവരെല്ലാം സമരത്തിനൊപ്പമാണ്. ഡിസിസിയുടെ അനുമതിയില്ലാതെ വെളിനല്ലൂരിലെ സംഘടന കാര്യങ്ങളിൽ ആരെങ്കിലും ഇടപെട്ടാൽ കെപിസിസിക്കു പരാതി നൽകുമെന്നും നസീർ അറിയിച്ചു.