തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തി എന്ന സന്ദീപ് നായരുടെ വെളിപ്പെടുത്തൽ ഗൗരവമുള്ളതെന്ന് കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം നേരത്തെ തന്നെ പുറത്തു വന്നതാണ്. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട കോടതി പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇ.ഡി നിർബന്ധിച്ചുവെന്നാണ് ജയിൽ മോചിതനായതിന് പിന്നാലെ സന്ദീപ് നായർ വെളിപ്പെടുത്തിയത്. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും സ്വർണ്ണക്കടത്തിനെക്കുറിച്ച് എല്ലാമറിയാം എന്ന് മൊഴി നൽകിയാൽ മാപ്പ് സാക്ഷിയാക്കാം എന്ന ഓഫറായിരുന്നു ഇഡി നൽകിയതെന്ന് സന്ദീപ് നായർ വെളിപ്പെടുത്തിയിരുന്നു. മുൻ മന്ത്രി കെ.ടി ജലീൽ, അന്നത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും മൊഴി നൽകാൻ നിർബന്ധിച്ചുവെന്നും സന്ദീപ് നായർ പറഞ്ഞു.
സരിത് ആണ് സ്വപ്ന സുരേഷിനെ തനിക്ക് പരിചയപ്പെടുത്തിയത്. സ്വപ്നയെ സഹായിക്കാനാണ് ബംഗളൂരുവിലേക്ക് താൻ ഒപ്പം പോയത്. സ്വർണകടത്തു കേസുമായി ബന്ധപ്പെട്ട് താൻ ഒന്നും പറയില്ല. എല്ലാം കോടതിയിലാണ്. ഡോളർ കടത്തിയതായി തനിക്ക് അറിവില്ല. തനിക്കറിയാവുന്ന എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറയാൻ തയ്യാറാണ്. സ്വർണ കടത്തൊക്കെ കണ്ടത്തുന്നതിന് മുമ്പാണ് നെടുമങ്ങാട് വർക്ക് ഷോപ്പ് തുടങ്ങിയത്. ഉന്നതർക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്മെന്റ് നിർബന്ധിച്ചു എന്നാണ് സന്ദീപ് നായർ ജയിലിൽ നിന്നറങ്ങിയ ശേഷം പറഞ്ഞത്.