കറാരാ ഓവൽ: ഓസ്ട്രേലിയയ്ക്കെതിരായ വനിതാ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യൻ ടീമിന് തോൽവി. നാല് വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ ജയം. ഇന്ത്യ ഉയർത്തിയ 119 റണ്‍സ് വിജയലക്ഷ്യം ഓസ്ട്രേലിയ 19.1 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
33 പന്തിൽ 42 റണ്‍സ് എടുത്ത താലിയ മഗ്രാത്തിന്റെ മികച്ച പ്രകടനമാണ് ഓസ്ട്രേലിയയ്ക്ക് മിന്നും ജയം നേടികൊടുത്തത്. ഓപ്പണർ ബെത്ത് മൂണിയും (36 പന്തിൽ 34) മികച്ച പ്രകടനം കാഴ്ചവച്ചു.
ഇന്ത്യയ്ക്കായി രാജേശ്വരി ഗെയ്ക്വാദ് മൂന്ന് വിക്കറ്റും ശിഖ പാണ്ഡെ, ഹർമൻപ്രീത് കൗർ, ദീപ്തി ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പൂജയുടെയും (26 പന്തിൽ 37) ഹർമൻപ്രീത് കൗറിന്റെയും (20 പന്തിൽ 28) മികവിലാണ് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 118 റണ്‍സ് നേടിയത്. ദീപ്തി ശർമ 16 റണ്‍സും നേടി. മറ്റാർക്കും രണ്ടക്കം കാണാൻ സാധിച്ചില്ല.