മലപ്പുറം: ദേശീയപാതയിലെ കോട്ടക്കൽ ചങ്കുവെട്ടിയിലെ റസ്റ്റോറന്റിൽ കുടുംബവുമായി ഭക്ഷണം കഴിക്കാൻ എത്തിയ വ്യക്തിയുടെ കാർ സെക്യൂരിറ്റി ജീവനക്കാരൻ തട്ടിയെടുത്തു. പാർക്ക് ചെയ്യാൻ ഏൽപ്പിച്ച വാഹനവുമായാണ് സെക്യൂരിറ്റി ജീവനക്കാരൻ കടന്നുകളഞ്ഞത്. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയ കുടുംബം കാർ നഷ്ടമായ വിവരം ഹോട്ടൽ ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കാറുമായി സെക്യൂരിറ്റി ജീവനക്കാരൻ കടന്ന് കളഞ്ഞതായി ശ്രദ്ധയിൽ പെട്ടത്. സംഭവത്തിൽ മലപ്പുറം വള്ളിക്കുന്ന് സ്വദേശി മുനീബ് പോലീസിന്റെ പിടിയിലായി.
ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കോട്ടക്കൽ ചങ്കുവെട്ടിയിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാനെത്തിയ സയീദ് സഫ്‌വാന്റെ കാറാണ് ഇതേ റസ്റ്റോറന്റിൽ സെക്യൂരിറ്റിയായി നിന്ന മുനീബ് തട്ടിയെടുത്തത്. ജ്യേഷ്ഠന്റെ വിവാഹാവശ്യത്തിന് തുണിത്തരങ്ങൾ വാങിയ ശേഷമാണ് സഫ്‌വാനും കുടുംബവും റസ്റ്റോറന്റിലെത്തിയത്. കാർ പാർക്ക് ചെയ്യാൻ താക്കോൽ സെക്യൂരിറ്റി ജീവനക്കാരനായ മുനീബിന് കൈമാറി. ഭക്ഷ കഴിച്ചശേഷം തിരികെയെത്തിയപ്പോഴാണ് കാർ കാണാനില്ലെന്നു മനസ്സിലാക്കിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കാർ സെക്യൂരിറ്റി ജീവനക്കാരൻ കൊണ്ടുപോയതായി മനസ്സിലാക്കി. തുടർന്നു കോട്ടക്കൽ പൊലീസിൽ പരാതി നൽകി.
വിവരം കൈമാറിയതിനെത്തുടർന്ന് കോഴിക്കോട് ജില്ലയിലും പൊലീസ് പരിശോധന കർശനമാക്കി. ഇതിനിടെ കാറുമായി കടന്ന് മുനീബ് കോഴിക്കോട്ടേക്കാണ് വന്നത്. അമിതവേഗത്തിൽ വന്ന കാർ ചെമ്മങ്ങാട് എഐ എ.കെ.ശ്രി കുമാറിന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം ശ്രദ്ധിച്ചു. വെട്ടിച്ചു പോയ കാറിനെ പിന്തുടർ ന്ന പൊലീസ് സംഘം പരപ്പിൽ ജംഗ്‌ഷനിൽ വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് കോട്ടക്കലിൽ നിന്ന് കാർ ഉടമയും റസ്റ്റോറന്റ് ഉടമയും സ്റ്റേഷനിലെത്തി. പ്രതിയെ കോട്ടക്കൽ പൊലീസിനു കൈമാറി. ഇയാൾ സമാനമായ അഞ്ചോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.