മന്ത്രി വി ശിവൻകുട്ടി സംസ്ഥാനങ്ങളുടെ എണ്ണം തെറ്റിപറഞ്ഞതിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു.ഇപ്പോഴിതാ അതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി. മനുഷ്യ സഹജമായ നാക്കുപിഴയാണ് സംഭവിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
നാക്കുപിഴ ആർക്കും സംഭവിക്കാവുന്നതാണ്. അത്തരത്തിലൊന്നാണ് ഇന്നലെ സംഭവിച്ചത്. അതിനെ പലരും ആക്ഷേപിക്കുന്നത് കണ്ടു. നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ചതിൽ വാശിയും വൈരാഗ്യവുമുള്ളവരാണ് പ്രചാരണത്തിന് പിന്നിൽ. ആക്ഷേപിക്കുന്നവർക്ക് സന്തോഷം കിട്ടുന്നെങ്കിൽ സന്തോഷിക്കട്ടെ. ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞ് സമയം കളയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ തുറക്കുന്നതിന് വേണ്ടിയുള്ള പിന്തുണ ശക്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. മാർഗരേഖ വന്നതോടെ ആശങ്ക മാറി. കേരളമാണ് ഇത്രയധികം മുന്നൊരുക്കം നടത്തിയ സ്‌കൂൾ തുറക്കുന്ന ആദ്യത്തെ സംസ്ഥാനമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ സ്‌കൂൾ തുറക്കുന്നതിലെ മാർഗരേഖ വിശദീകരിക്കന്നതിനിടെയാണ് വിദ്യാഭ്യാസമന്ത്രിക്ക് നാക്കുപിഴച്ചത്. മന്ത്രിയുടെ അറിവില്ലായ്മ എന്ന രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ഇത് പ്രചരിച്ചു. പരിഹാസങ്ങൾ വ്യാപകമായതോടെയാണ് പ്രതികരിച്ച് മന്ത്രി രംഗത്തെത്തിയത്.