മസ്കത്ത്: കഴിഞ്ഞ ദിവസം ആഞ്ഞടിച്ച ഷഹീൻ ചുഴലിക്കാറ്റ് വൻ നാശനഷ്ടങ്ങൾ വിതച്ചെങ്കിലും ഭൂഗർഭ ജലനിരപ്പുയർത്താൻ സഹായിച്ചതായി വിദഗ്ധർ. നീണ്ട കാലത്തെ വരൾച്ചയും മഴയുടെ അഭാവവും കാരണം ബാത്തിന ഗവർണറേറ്റിൽ ജലനിരപ്പ് താഴ്ന്നിരുന്നു. മേഖലയിലെ തീര ഭാഗങ്ങളിൽ ശുദ്ധജലത്തിൽ ഉപ്പു രസം കലരുന്ന പ്രതിഭാസവുമുണ്ടായിരുന്നു. ഇതു കാരണം നിരവധി കൃഷിയിടങ്ങൾ കൃഷിക്കനുയോജ്യമല്ലാതാവുകയും ഫാമുകളിൽ കൃഷി ഒഴിവാക്കേണ്ടി വരികയും ചെയ്തിരുന്നു. ഒമാനിലെ കൃഷി 94 ശതമാനവും ഭൂഗർഭ ജലത്തെ ആശ്രയിച്ചാണ്. ഏറെനാളത്തെ ഇടവേളക്കു ശേഷമാണ് ഇത്ര ശക്തമായ മഴ ഒമാനിലെ പല ഭാഗങ്ങളിലും ലഭിക്കുന്നത്. കൂടിയ അളവിൽ മഴ പെയ്തത് ഭൂഗർഭ ജലം വർധിക്കാൻ സഹായിക്കുമെന്ന് ഒമാൻ ജലസമിതി ചെയർമാൻ സാഹിർ അൽ സുലൈമാനി പറഞ്ഞു. ഒമാനിലെ കാർഷിക മേഖലക്കും ഗാർഹിക ആവശ്യങ്ങൾക്കും ഭൂഗർഭ ജലത്തെ ആശ്രയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിനു ശേഷം ഫലജുകളിലൂടെ ജലം ഒഴുകുന്നത് ഏറെ വർധിച്ചിട്ടുണ്ട്. ഇത് ഭൂഗർഭ ജലനിരപ്പ് വർധിച്ചതിനു തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു. ഭൂഗർഭ ജലനിരപ്പ് ഉയരുന്നത് ബാത്തിനയിൽ പല ഭാഗത്തും അനുഭവപ്പെടുന്ന ജലത്തിലെ ലവണത്വം കുറക്കാൻ സഹായിക്കും. ബാത്തിന തീരത്ത് നിരവധി വർഷങ്ങളായി ഇൗ പ്രശ്നമുണ്ട്. വൻ തോതിൽ ലഭിച്ച മഴ വെള്ളം ഉപ്പുവെള്ളത്തെ കടലിലേക്ക് പുറന്തള്ളാൻ സഹായിക്കും. ജലത്തിെൻറ അമിതോപയോഗം ജലനിരപ്പ് താഴാൻ കാരണമാക്കി.
പാഴായിപ്പോവുന്ന മഴവെള്ളം കരുതിവെക്കുന്നതിൽ ഒമാനിലെ ഡാമുകൾ ഏറെ സഹായകമാണ്. മസ്കത്ത് മേഖലയിലെ മൂന്നു ഡാമുകളും മികച്ച രീതിയിൽ ജലം സംഭരിച്ചിട്ടുണ്ട്. പ്രധാന ഡാമായ അൽ അമിറാത്ത് ഡാമിൽ വലിയ അളവിൽ ജലം സംഭരിക്കാൻ കഴിഞ്ഞിരുന്നു. ഇത് അമിറാത്ത് മേഖലയിലെ ഭൂഗർഭ ജലനിരപ്പ് ഉയരാൻ സഹായിക്കും. അൽ ഖുദ് ഡാം നിറഞ്ഞ് കവിയുകയും അൽ സീബ് ഡാമിൽ വലിയ അളവിൽ വെള്ളം ലഭിക്കുകയും ചെയ്തിരുന്നു. അൽ റുസ്താഖ്, ബർക, ഖാബൂറ, സുവൈഖ്, സോഹാർ എന്നിവിടങ്ങളിലെ ഡാമുകളിലും വൻതോതിൽ ജലം ഒഴുകിയെത്തി. മസ്കത്ത് ഗവർണറേറ്റിൽ അഞ്ചു ഡാമുകളും തെക്കൻ ബാത്തിന 10, വടക്കൻ ബാത്തിന നാല്, അൽ ദാഹിറ, തെക്കൻ ശർഖിയ, വടക്കൻ ശർഖിയ്യ എന്നിവിടങ്ങളിൽ ഓരോ ഡാമുകളുമാണുള്ളത്. മസ്കത്തിലെ വാദീ ദൈഖ ഡാമിലാണ് ഏറ്റവും കൂടുതൽ വെള്ളം ലഭിച്ചത്. ഷഹീൻ കാരണം ഇൗ ഡാമിൽ 82 ദശലക്ഷം ഘനമീറ്റർ ജലം ലഭിച്ചിട്ടുണ്ട്. ബാക്കി എല്ലാ ഡാമുകളിലും ഏറെ വെള്ളം ലഭിച്ചു. പിക്നിക്കിന് േപാവുന്നവർ ജാഗ്രത പാലിക്കണമെന്നും നിരവധി വാദികൾ ഇപ്പോഴും നീരൊഴുക്കുള്ളവയാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.