ന്യൂഡൽഹി: ലഖിംപുർ ഖേരിയിൽ കർഷകരുടെ കൂട്ടക്കൊലയ്ക്ക് ഇടയാക്കിയ സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ പുത്രൻ ആശിഷ് മിശ്ര ഹാജരായി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ഇദ്ദേഹം. ഇതിനെതിരെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതി ഉന്നയിച്ചത്. തുടർന്നാണ് ക്രൈബ്രാഞ്ച് ഓഫിസിൽ ഇദ്ദേഹം ഹാജരായത്.
ഇന്ന് രാവിലെ 11 മണിക്ക് ലഖിംപൂർ പൊലീസ് ലൈനിലുള്ള ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാനാണ് ആശിഷ് മിശ്രക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നത്. 10. 37ഓടെ ആശിഷ് മിശ്ര ഹാജരായി. എ.ജി., ഐ.ജി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യുക. മാധ്യമങ്ങൾക്ക് മുഖം തരാതെ ഓഫിസിനകത്തേക്ക് ആശിഷ് മിശ്ര അകത്തുകയറുകയായിരുന്നു.
അതേസമയം കേസിൽ രണ്ട് പേർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. കൊലക്കുറ്റം ചുമത്തിയിട്ടുള്ളതിനാൽ ചോദ്യംചെയ്യലിന് ശേഷം ആശിഷ് മിശ്രയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയേക്കും.