ദുബായ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ 42 റൺസിന് മുംബൈ വിജയിച്ചുവെങ്കിലും പ്ലേ ഓഫ് കാണാതെ പുറത്തായി. ഹൈദരാബാദിനെ 171 റൺസിനെങ്കിലും തോൽപ്പിച്ചാൽ മാത്രമെ കൊൽക്കത്തയുടെ നെറ്റ് റൺറേറ്റ് മറികടന്ന് നാലാം സ്ഥാനക്കാരായി മുംബൈക്ക് പ്ലേ ഓഫിലെത്താനാവുമായിരുന്നുള്ളു. ഇതോടെ കൊൽക്കത്ത നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി. ഇതോടെ ഐപിഎല്‍ പതിനാലാം സീസണിലെ പ്ലേഓഫ് ചിത്രം തെളിഞ്ഞു.
ക്വാളിഫയറില്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. എലിമിനേറ്ററില്‍ ബാംഗ്ലൂര്‍ കൊല്‍ക്കത്തയേയും. ഞായറാഴ്ചയാണ് ചെന്നൈ-ഡല്‍ഹി ക്വാളിഫയര്‍. ഇതില്‍ ജയിക്കുന്ന ടീം ഫൈനലിലേക്ക് നേരിട്ട് എത്തും. തോല്‍ക്കുന്ന ടീം എലിമിനേറ്ററിലെ വിജയികളുമായി ഏറ്റുമുട്ടും. ഇതില്‍ ജയിക്കുന്ന ടീം ഫൈനലിലേക്കും എത്തും.
തിങ്കഴ്ചയാണ് ബാംഗ്ലൂര്‍-കൊല്‍ക്കത്ത എലിമിനേറ്റര്‍. ഒക്ടോബര്‍ 13നാണ് ക്വാളിഫയര്‍ 2. ഒക്ടോബര്‍ 15നാണ് ഐപിഎല്‍ പതിനാലാം സീസണിലെ കലാശപ്പോര്. ഇന്ത്യയില്‍ നടന്ന സീസണിലെ ആദ്യ പാതത്തില്‍ മികവ് കാണിച്ച ടീമുകളാണ് ഡല്‍ഹിയും ചെന്നൈയും ബാംഗ്ലൂരും. യുഎഇയില്‍ എത്തിയതോടെ കൊല്‍ക്കത്തയുടെ രൂപം മാറുകയായിരുന്നു. കൊല്‍ക്കത്ത യുഎഇയില്‍ കളിച്ച 7 കളിയില്‍ അഞ്ചിലും അവര്‍ ജയം പിടിച്ചു. തുടരെ മൂന്ന് തോല്‍വിയുമായാണ് ചെന്നൈ പ്ലേഓഫിലേക്ക് കയറുന്നത്.