ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇന്ന് 89-ാം പിറന്നാള്‍. വിപുലമായ പരിപാടികളോടെ രാജ്യം വായുസേനാ ദിനം ആഘോഷിക്കും. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ ഹിന്ദോൺ എയർഫോഴ്സ് സ്റ്റേഷനിൽ വ്യോമസേനാ മേധാവിയുടെയും മൂന്ന് സായുധ സേനയിലെ ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആഘോഷങ്ങൾ ആരംഭിച്ചു.
ഒരു രാജ്യം എന്ന രീതിയിൽ ആകാശ സുരക്ഷ ഒരുക്കുന്ന വ്യോമസേന ഇന്ത്യയുടെ അഭിമാനമാണ്. സുരക്ഷയുടെയും സംരക്ഷണത്തിന്റെയും തണൽ രാജ്യത്തിന് നൽകുന്ന വായുസേന 89 ആം പിറന്നാൾ ദിനത്തിൽ ആധുനികതയുടെ പര്യായമായി മാറിയിരിക്കുന്നു. ഏകദേശം 1,70,000 ഓളം അംഗബലമുള്ള ഇന്ത്യൻ വ്യോമസേന ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വായുസേനയാണ്.
1932 ഒക്ടോബർ 8 ന് രൂപികരിയ്ക്കപ്പെട്ട ഇന്ത്യൻ വ്യോമസേനയ്ക്ക് തുടക്കത്തിൽ ഉണ്ടായിരുന്നത് 6 ഓഫിസർമാരും, 19 എയർമാൻമാരും മാത്രമായിരുന്നു. 1933 ഏപ്രിൽ ഒന്നിനാണ് വ്യോമസേനയുടെ ആദ്യ സ്‌ക്വാഡ്രൻ നിലവിൽ വരുന്നത്. നാല് വെസ്റ്റ്‌ലാന്റ് വപിറ്റി വിമാനങ്ങളും അഞ്ച് ഇന്ത്യൻ പൈലറ്റുമാരും അടങ്ങുന്നതായിരുന്നു ആദ്യത്തെ സ്‌ക്വാഡ്രൻ.
89ാം പിറന്നാൾ ആഘോഷിക്കുമ്പോൾ മറ്റ് എതൊരു രാജ്യത്തെക്കാളും എറെ പ്രായോഗിക അനുഭവങ്ങളും ആധുനിക വിമാനങ്ങളും ഇന്ത്യൻ വായുസേനയ്ക്ക് സ്വന്തമാണ് റഫാൽ വിമാനങ്ങൾ കുടി കുട്ടിച്ചേർക്കപ്പെട്ടതോടെ എറെ സുശക്തമായിരിയ്ക്കുകയാണ് ഇന്ന് ഇന്ത്യൻ വ്യോമസേന. 9.3 ടൺ ആയുധങ്ങൾ വഹിക്കാൻ റഫാലിന് ശേഷിയുണ്ട്. എയർ ടു എയർ, എയർ ടു ഗ്രൗണ്ട് മിസൈലുകളും വഹിക്കാനാവും. ആണവ മിസൈൽ ആക്രമണ സൌകര്യവും അത്യാധുനിക റഡാർ സൗകര്യവും റാഫാലിന്റെ പ്രത്യേകതയാണ്. ശത്രുവിന്റെ റഡാറുകൾ നിശ്ചലമാക്കാനും സാധിക്കും.
വ്യോമസേനാ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി വ്യോമസേന യോദ്ധാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും അഭിവാദ്യങ്ങൾ അയച്ചു. “ഇന്ത്യൻ വ്യോമസേന ധൈര്യം, ഉത്സാഹം, പ്രൊഫഷണലിസം എന്നിവയുടെ പര്യായമാണ്. രാജ്യത്തെ പ്രതിരോധിക്കുന്നതിലും വെല്ലുവിളികളുടെ സമയത്ത് അവരുടെ മാനുഷിക മനോഭാവത്തിലൂടെയും അവർ വ്യതിരിക്തരാണ്,” പ്രധാനമന്ത്രി മോദി പറഞ്ഞു.