വയനാട്: ദേശീയ നിർവാഹക സമിതിയിൽ നിന്ന് ശോഭാ സുരേന്ദ്രനെ (Sobha Surendran) മാറ്റിയതിനെക്കുറിച്ച് ബിജെപി (BJP) അഖിലേന്ത്യ പ്രസിഡൻ്റിനോട് ചോദിക്കണമെന്ന് വി മുരളീധരന്‍(V Muraleedharan). ശോഭാ സുരേന്ദ്രൻ ഇപ്പോഴും പാർട്ടി ഭാരവാഹിയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
ശോഭാ സുരേന്ദ്രന്റേ പ്രവർത്തനങ്ങളിലെ പോരായ്മകൾ കണക്കിലെടുത്താണ് നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയതെന്നാണ് വിവരം. ശോഭാ സുരേന്ദ്രനെ കൂടാതെ അൽഫോൺസ് കണ്ണന്താനത്തേയും നിർവാഹക സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ഇന്നാണ് ബിജെപി ദേശീയ നിർവാഹക സമിതി പുനഃസംഘടിപ്പിച്ചത്. കേരളത്തിൽ നിന്ന് കുമ്മനം രാജശേഖരനും വി. മുരളീധരനും സമിതിയിൽ ഇടംപിടിച്ചു. പി. കെ കൃഷ്ണദാസ്, ഇ. ശ്രീധരൻ എന്നിവർ പ്രത്യേക ക്ഷണിതാക്കളാകും. എ.പി അബ്ദുള്ളക്കുട്ടി ദേശീയ ഉപാധ്യക്ഷനായും ടോം വടക്കൻ വക്താവായും തുടരും.
എല്ലാ കാര്യത്തിലും പ്രധാനമന്ത്രി പ്രതികരിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു കർഷക പ്രക്ഷോഭത്തെക്കുറിച്ച് ചോദിച്ചപ്പോൾ മുരളീധരന്റെ മറുപടി. കേരളത്തിലെ കർഷകരുടെ ദുരിതം കാണാത്തവർ ആണ് ഉത്തർപ്രദേശിലെ കാര്യം പറയുന്നത്. രാഹുൽ ഗാന്ധി വയനാട്ടിലെ വിനോദ സഞ്ചാരിയാണ്. ലഖിംപൂരിലേക്ക് പോകാൻ രാഹുൽ ഗാന്ധിയെ ആരാണ് തടഞ്ഞതെന്നും മുരളീധരൻ ചോദിച്ചു.