കൊച്ചി: ഇടനിലക്കാരുടെ ലോബിയാണ് രാജ്യത്ത് സമരം ചെയ്യുന്നതെന്നും കർഷകരുടെ ഉത്പന്നങ്ങൾ വാങ്ങി അവരുടെ ഇഷ്ടം പോലെ വിറ്റ് ലാഭമുണ്ടാക്കുന്ന മാഫിയാസംഘമാണെന്ന് ഇവരെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇടനിലക്കാരുടെ ബലത്തിൽ ഉത്തർപ്രദേശ് പിടിക്കാമെന്ന വ്യാമോഹത്തിലാണ് രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും സമരത്തിന് കൂട്ടുനിൽക്കുന്നത്. കർഷകരുടെ പേരിൽ ദില്ലിയിൽ സമരം ചെയ്യാൻ പോയ കർഷകസംഘത്തിന്റെ നേതാക്കൾ കേരളത്തിലെ കർഷകരെ പറ്റി മിണ്ടുന്നില്ലെന്നും സേവാസമർപ്പൺ അഭിയാന്റെ ഭാഗമായി എറണാകുളം ജില്ലയിൽ നടന്ന വിവിധ പരിപടികളിൽ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു.
പച്ചക്കറി, നെല്ല്, നാളീകേരം തുടങ്ങി കേരളത്തിലെ ഏത് കർഷകർക്കാണ് സർക്കാർ താങ്ങുവില നൽകുന്നത്? എല്ലാ തട്ടിപ്പുകാർക്കും ഓശാന പാടുന്നവരാണ് മോദിക്കെതിരെ സമരം ചെയ്യുന്നത്. തിരുവനന്തപുരം നഗരസഭയിൽ നികുതി പണം പോലും സിപിഎമ്മിന്റെ നേതൃത്വത്തിൽ തട്ടിയെടുക്കുകയാണ്. ഉപഭോക്താക്കൾ അടയ്ക്കുന്ന നികുതി സൈറ്റിൽ രേഖപ്പെടുത്താതെ തട്ടിയെടുക്കുകയാണ്. കള്ളക്കടത്തുകാർക്കും സ്വർണ്ണക്കടത്തുകാർക്കും പുരാവസ്തു തട്ടിപ്പുകാർക്കും മാത്രമേ കേരളത്തിൽ രക്ഷയുള്ളൂവെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രാധാന മന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് അങ്കമാലി നിയോജക മണ്ഡലത്തിലെ ആശംസ പോസ്റ്റ് കാർഡ് അയക്കൽ അദ്ദേഹം ഉദ്ഘാടനം ചെയ്തു. സേവാസമർപ്പൺ അഭിയാനോടനുബന്ധിച്ച് പെരുമ്പാവൂർ മണ്ഡലത്തിലെ അശമന്നൂർ പഞ്ചായത്ത് ഓഫീസിൻ്റെയും ജനസേവാ കേന്ദ്രത്തിൻ്റെയും ഉദ്ഘാടനവും പഞ്ചായത്തിലെ മുഴുവൻ പേർക്കും പ്രധാനമന്ത്രി ഇൻഷുറൻസ് പദ്ധതിയിൽ സൗജന്യ അംഗത്വ വിതരണത്തിൻ്റെയും ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നിർവ്വഹിച്ചു.
പെരുമ്പാവൂരിൽ ബിജെപി നിർമിച്ചു നൽകുന്ന വീടിന്റെ കുറ്റിയടിക്കൽ കർമ്മത്തിൻ്റെ ഉദ്ഘാടനം കെ.സുരേന്ദ്രൻ നിർവഹിച്ചു. സേവാസമർപ്പൺ അഭിയാനോടനുബന്ധിച്ച് എറണാകുളം കുന്നത്ത്നാട് മണ്ഡലത്തിൽ നാഷണൽ ഹെൽത്ത് വോളണ്ടിയർ വാഹനം ഫ്ലാഗ്ഓഫും ദിവ്യാംഗർക്ക് വീൽ ചെയർ വിതരണത്തിൻ്റെയും ഉദ്ഘാടനവും കെ.സുരേന്ദ്രൻ നിർവ്വഹിച്ചു. കോതമംഗലം മണ്ഡലത്തിൽ ദിവ്യാംഗർക്ക് വീൽ ചെയർ വിതരണവും ഫലവൃക്ഷത്തെ വിതരണവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയിൽ നടന്ന നദീവന്ദനം ചടങ്ങിലും കെ.സുരേന്ദ്രൻ പങ്കെടുത്തു.