മയക്കുമരുന്ന് കേസില്‍ ആര്യന്‍ ഖാന് പിന്തുണയുമായി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴിവിളക്കുകളാകുമെന്നും മോശം അനുഭവങ്ങളെ തള്ളിക്കളയാതെ സ്വീകരിക്കാന്‍ ശ്രമിക്കണമെന്നും ഹൃത്വിക് പറഞ്ഞു. തുറന്ന കത്തിലൂടെയാണ് ഹൃത്വിക് തന്റെ പിന്തുണ അറിയിച്ചത്. തന്റെ ഇന്‍സ്റ്റഗ്രാം അകൗണ്ടിലൂടെയാണ് ഹൃത്വിക് ആര്യനുള്ള കത്ത് എഴുതിയിരിക്കുന്നത്. ആലിയ ഭട്ട്, സൂസന്നെ ഖാൻ ഉൾപ്പടെ നിരവധി പേർ പിന്തുണയുമായി കമന്റ് ചെയ്തിട്ടുണ്ട്.
ബഹളങ്ങള്‍ക്കിടെ സ്വയം പിടിച്ചുനില്‍ക്കാനുള്ള സമ്മര്‍ദ്ദം നിനക്കിപ്പോള്‍ മനസിലാവുമെന്നും ഉള്ളിലെ നായകനെ പുകച്ച് പുറത്തുചാടിക്കാൻ ഇതിലൂടെ നിനക്കാവുമെന്നും അദ്ദേഹം കുറിച്ചു. എന്നാൽ ദേഷ്യവും നിസ്സഹായതയുമെല്ലാം നിന്റെ നന്മയെ വറ്റിച്ചുകളയരുതെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്.
ഹൃത്വിക് റോഷൻ ആര്യന് എഴുതിയ കത്തിൽ നിന്ന്
എന്‍റെ പ്രിയപ്പെട്ട ആര്യന്,
ജീവിതം ഒരു വിചിത്രമായ യാത്രയാണ്. അനിശ്ചിതാവസ്ഥയാണ് അതിന്‍റെ മൂല്യം വര്‍ധിപ്പിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധികളുണ്ടാവും എന്നതിനാലാണ് അത് ഗംഭീരമാവുന്നത്. പക്ഷേ ദൈവം ദയാലുവാണ്. കഠിനമായ പന്തുകള്‍ കാഠിന്യമുള്ള മനുഷ്യര്‍ക്കു നേരെയേ അദ്ദേഹം എറിയൂ. ഈ ബഹളങ്ങള്‍ക്കിടെ സ്വയം പിടിച്ചുനില്‍ക്കാനുള്ള സമ്മര്‍ദ്ദം നിനക്കിപ്പോള്‍ മനസിലാവും. അത് നീ അങ്ങനെതന്നെ അനുഭവിക്കണമെന്ന് ഞാന്‍ കരുതുന്നു.
ദേഷ്യം, ആശയക്കുഴപ്പം, നിസ്സഹായത… ഉള്ളിലെ നായകനെ പുകച്ച് പുറത്തുചാടിക്കാനുള്ള ചേരുവകള്‍. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. ഇതേ ചേരുവകള്‍ നമ്മളിലെ ചില നന്മകളെയും വറ്റിച്ചുകളയാം. ദയ, അനുകമ്പ, സ്നേഹം. സ്വയം എരിയാന്‍ അനുവദിക്കുക, പക്ഷേ ആവശ്യത്തിനു മാത്രം. പിഴവുകള്‍, പരാജങ്ങള്‍, വിജയങ്ങള്‍… എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും മനസിലാക്കിയാല്‍ ഇവയെല്ലാം സമാനമാണെന്ന് മനസിലാവും.
പക്ഷേ വളര്‍ച്ചയില്‍ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക. ഒരു കുട്ടി ആയിരുന്നപ്പോഴും ഒരു വലിയ ആളായപ്പോഴും എനിക്ക് നിന്നെ അറിയാം. എല്ലാ അനുഭവങ്ങളെയും സ്വീകരിക്കുക. ഇതെല്ലാം നിനക്ക് ലഭിച്ച സമ്മാനങ്ങളാണ്. എന്നെ വിശ്വസിക്കൂ, കാലം ചെയ്യുമ്പോള്‍ ഈ കള്ളികളെ നീ പൂരിപ്പിക്കും. അപ്പോള്‍ ഇവയ്ക്കൊക്കെയും അര്‍ഥമുണ്ടാവും. ചെകുത്താന്‍റെ കണ്ണില്‍ നോക്കി, ശാന്തതയോടെ ഇരുന്നാല്‍ മാത്രം. നിരീക്ഷിക്കുക. ഈ നിമിഷങ്ങളൊക്കെയാണ് നിന്‍റെ ഭാവിയെ നിര്‍വ്വചിക്കുക. ആ ഭാവി പ്രകാശത്തിന്‍റേതാണ്. പക്ഷേ അവിടെയെത്താന്‍ ഇരുട്ടിലൂടെ കടന്നുപോകണമെന്നു മാത്രം. ഉള്ളിലെ പ്രകാശത്തെ വിശ്വസിക്കുക, അത് എപ്പോഴും അവിടെയുണ്ട്.
ലവ് യൂ മാന്‍.