ശ്രീനഗര്‍: ജമ്മു കശ്മീരിലെ സര്‍ക്കാര്‍ സ്കൂളില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രിന്‍സിപ്പലും അധ്യാപികയും കൊല്ലപ്പെട്ടു. രാവിലെ 11 മണിയോടെയാണ് ശ്രീനഗറിലെ സംഗം ഈദ്ഗാഹിലുള്ള സ്കൂളില്‍ ഭീകരര്‍ ആക്രമണം നടത്തിയത്.
ബോയ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുഖ് വിന്ദര്‍ കൗര്‍, അധ്യാപകനായ ദീപക് ചാന്ദ് എന്നിവരാണ് കൊല്ലെപ്പെട്ടത്. പ്രിന്‍സിപ്പല്‍ കശ്മീരി പണ്ഡിറ്റും അധ്യാപിക സിഖ് മതവിശ്വാസിയുമാണെന്നാണ് വിവരം. പ്രദേശം വളഞ്ഞ സുരക്ഷാസേന ഭീകരര്‍ക്കായി തിരിച്ചില്‍ ആരംഭിച്ചു.
അഞ്ചോളം അധ്യാപകര്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ യോഗം ചേരുന്നതിനിടെ രണ്ടു ഭീകരര്‍ സ്‌കൂളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് മറ്റുള്ളവരെ മാറ്റിനിര്‍ത്തിയശേഷം, ഇരുവരേയും പുറത്തേക്ക് വലിച്ചിഴച്ച് വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
വെടിവെപ്പിന് പിന്നാലെ ഭീകരര്‍ സ്‌കൂളില്‍ നിന്നും സ്ഥലം വിട്ടു. അക്രമികള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ശ്രീനഗറില്‍ മൂന്നു ദിവസത്തിനിടെ അഞ്ച് തദ്ദേശീയരാണ് കൊല്ലപ്പെടുന്നത്. അധ്യാപകരെ വധിച്ച സംഭവത്തെ ജമ്മു കശ്മീര്‍ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അപലപിച്ചു.
രണ്ടുദിവസം മുമ്പ് മൂന്ന് സാധാരണക്കാരെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള തുടര്‍ ആക്രമണങ്ങളിലൂടെ കശ്മീരില്‍ ഭീതിയുടെ സാഹചര്യ സൃഷ്ടിക്കാനും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുമാണ് ഭീകരര്‍ ശ്രമിക്കുന്നതെന്ന് കശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിങ് പറഞ്ഞു. പാക് സഹായത്തോടെയാണ് ഈ ക്രൂരകൃത്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.