മുംബൈ: ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉള്‍പ്പെട്ട ആഡംബര കപ്പല്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായതിന് പിന്നാലെ സംഭവത്തിൽ ട്വിസ്റ്റ്. ബിറ്റ്കോയിന്‍ ഇടപാട് നടന്നതിന്‍റെ സൂചന ലഭിച്ചുവെന്ന് നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ഇന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം മുംബൈയില്‍ പറഞ്ഞു. കേസില്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ 17 പേര്‍ ഇതുവരെ അറസ്റ്റിലായി.
ഇതിനിടെ ആര്യൻ ഖാനുമൊത്തുള്ള ഒരു അജ്ഞാതന്റെ സെൽഫി സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ആരാണ് ഇയാൾ എന്ന ചോദ്യവും ഉയർന്നിരുന്നു. പിന്നാലെയാണ് പുതിയ വഴിത്തിരിവ്. സംഭവസ്ഥലത്ത് ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യം ചൂണ്ടിക്കാട്ടി എന്‍സിബി റെയ്ഡ് വ്യാജമാണെന്ന ആരോപണവുമായി എന്‍സിപി രംഗത്തെത്തിയത് രാഷ്ട്രീയ വഴിത്തിരിവായി. എന്‍സിപി മന്ത്രി നവാബ് മാലിക്കാണ് കേന്ദ്ര ഏജന്‍സിക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്നാല്‍ നവാബ് മാലിക്കിന്റെ മരുമകന്‍ സമീര്‍ ഖാനെ ജനുവരിയില്‍ ലഹരിമരുന്നു കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നുവെന്നും ഇതാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്നും ബിജെപി എംഎല്‍എ അതുല്‍ ഭട്കാല്‍ക്കര്‍ തിരിച്ചടിച്ചു.
അറസ്റ്റിലായ ആര്യനെയും അര്‍ബാസ് മെര്‍ച്ചന്റിനെയും എന്‍സിബി ഓഫിസിലേക്ക് കൊണ്ടുപോയത് എന്‍സിബി ഉദ്യോഗസ്ഥരല്ലെന്നും അര്‍ബാസിനൊപ്പം ഉണ്ടായിരുന്നത് ബിജെപി പ്രവര്‍ത്തകനാണെന്നും വിഡിയോകളില്‍ വ്യക്തമാണെന്ന് എന്‍സിപി ആരോപിച്ചു. ആര്യനൊപ്പം സെല്‍ഫിയിലും വിഡിയോയിലും കാണുന്നത് കെ.പി. ഗൊസാവിയെന്ന ആളാണെന്നും രണ്ടാമന്‍ ബിജെപി വൈസ് പ്രസിഡന്റ് മനീഷ് ഭാനുഷാ ആണെന്നും എന്‍സിപി അവകാശപ്പെട്ടു.
വിവിധ പരിപാടികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ക്കൊപ്പവും മനീഷിനെ കണ്ടിട്ടുണ്ടെന്നും എന്‍സിപി ആരോപിച്ചു. എന്നാല്‍ ഒരു സാക്ഷി എന്ന നിലയിലാണ് താന്‍ എന്‍സിബി ഓഫിസിലെത്തിയതെന്നാണ് മനീഷ് ദേശീയ മാധ്യമത്തോടു പ്രതികരിച്ചത്. ഗൊസാവിയും മനീഷും സാക്ഷികളാണെന്നാണ് എന്‍സിബിയും അറിയിച്ചത്
എന്‍സിബി റെയ്ഡില്‍ ബിജെപി പ്രവര്‍ത്തകര്‍ എങ്ങനെ പങ്കാളികളായി എന്ന് കേന്ദ്ര ഏജന്‍സി വെളിപ്പെടുത്തണമെന്നും എന്‍സിപി ആവശ്യപ്പെട്ടു. ‘‘ഗൊസാവിയും എന്‍സിബിയും തമ്മിലുള്ള ബന്ധമെന്താണ്. ഗൊസാവിയും മനീഷും എന്‍സിബി ജീവനക്കാരല്ലെങ്കില്‍ എങ്ങനെയാണ് അവര്‍ ലഹരിമരുന്നു കേസിലെ പ്രതികളെ കൈകാര്യം ചെയ്തത്. റെയ്ഡുകള്‍ക്കായി സ്വകാര്യവ്യക്തികളെ വാടകയ്ക്ക് എടുക്കാന്‍ എന്‍സിബിക്ക് അധികാരമുണ്ടോ?’’ എന്ന് മാലിക്ക് ചോദിച്ചു.