ദുബായ്: ഇന്ന് ഐപിഎലിൽ രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് പഞ്ചാബ് കിംഗ്സിനെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് കൊൽക്കത്തയെ നേരിടും. പ്ലേ ഓഫ് ഉറപ്പിച്ചുകഴിഞ്ഞ ചെന്നൈ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്താനാണ് ഇന്ന് കളത്തിലിറങ്ങുക. അതേസമയം, ഇന്നത്തെ മത്സരം വിജയിക്കാനായാൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താം എന്നത് പഞ്ചാബിനും നിർണായകമാണ്. രണ്ടാം മത്സരത്തിലാവട്ടെ, ഈ കളി വിജയിച്ചാൽ നാലാം സ്ഥാനക്കാരായി കൊൽക്കത്ത പ്ലേ ഓഫിലെത്തും.
18 പോയിൻ്റാണ് നിലവിൽ ചെന്നൈക്കുള്ളത്. ഇന്ന് പഞ്ചാബിനെതിരെ വിജയിക്കാനായാൽ ആകെ പോയിൻ്റ് 20 ആവുകയും ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാൻ ചെന്നൈക്ക് സാധിക്കുകയും ചെയ്യും. ഏറ്റവും ആദ്യം പ്ലേ ഓഫ് യോഗ്യത നേടിയ ചെന്നൈ അവസാനത്തെ രണ്ട് മത്സരങ്ങൾ പരാജയപ്പെട്ട് പരുങ്ങലിലാണ്. ഹൈ സ്കോറിംഗ് മാച്ചിൽ രാജസ്ഥാൻ ആദ്യം ചെന്നൈയെ ഞെട്ടിച്ചപ്പോൾ ലോ സ്കോറിങ് ത്രില്ലറിൽ ഡൽഹിയാണ് ചെന്നൈക്ക് പിന്നീട് പണികൊടുത്തത്. ഈ തോൽവികൾ ഏപിച്ച ആഘാതത്തിൽ നിന്ന് തിരികെ വരേണ്ടത് ചെന്നൈക്ക് അത്യാവശ്യമാണ്.
ഓപ്പണർമാർ കഴിഞ്ഞാൽ കാറ്റുപോകുന്ന മധ്യനിര തന്നെയാണ് ചെന്നൈയുടെ ദൗർബല്യം. റെയ്ന ഫോമില്ല, പകരമെത്തിയ ഉത്തപ്പ എങ്ങനെയുണ്ടെന്ന് കൃത്യമായി മനസ്സിലാക്കാനായിട്ടില്ല. ധോണി ഫോമിലല്ല. മൊയീൻ അലി നിരാശപ്പെടുത്തുന്നു. അമ്പാട്ടി റായുഡുവും രവീന്ദ്ര ജഡേജയുമാണ് പ്രതീക്ഷകൾ. പ്ലേ ഓഫിനു മുൻപ് മധ്യനിരയുടെ ദൗർബല്യങ്ങൾ പരിഹരിക്കുക തന്നെയാവും ചെന്നൈ മാനേജ്മെൻ്റിൻ്റെ ശ്രമം. ടീമിൽ മാറ്റം ഉണ്ടായേക്കില്ല.
രാജസ്ഥാൻ റോയൽസ് പ്രവചനാതീതരാണ്. സ്ഥിരത ആർക്കുമില്ല. സഞ്ജു റൺ വേട്ടയിൽ മുന്നിലുണ്ടെങ്കിലും അവസാന രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയില്ല. മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തിൽ പരുക്കേറ്റ എവിൻ ലൂയിസ് മാച്ച് ഫിറ്റല്ലെങ്കിൽ ലിവിങ്സ്റ്റൺ എത്തും. ഷാർജ പിച്ച് പരിഗണിച്ച് ക്രിസ് മോറിസ് തിരികെയെത്താനും സാധ്യതയുണ്ട്. വേഗം കുറഞ്ഞ പിച്ചിൽ ബാറ്റ് കൊണ്ട് പ്രയോജനം ചെയ്യാത്ത ദുബെയ്ക്ക് ഓവറുകൾ നൽകില്ലെങ്കിൽ പകരം മഹിപാൽ ലോംറോർ തിരികെയെത്തും.