ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരി സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അടിന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടു. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസില്‍ നാളെ വീണ്ടും വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് എന്‍.വി.രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വാദം കേട്ടത്.വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
എട്ടുപേർ കൊല്ലപ്പെട്ടെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. സംഭവത്തിൽ കർഷകർ, പത്രപ്രവർത്തകൻ തുടങ്ങിയവർ കൊല്ലപ്പെട്ടത് ദൗർഭാഗ്യകരമാണ്. നിങ്ങൾ ആർക്കൊക്കെ എതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു, എത്ര പേരെ അറസ്റ്റ് ചെയ്തുവെന്നും സുപ്രിം കോടതി ചോദിച്ചു.
മകനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ മരണപ്പെട്ട ഒരാളുടെ അമ്മ ഗുരുതരാവസ്ഥയിലാണെന്നും അവര്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നും തങ്ങള്‍ക്ക് ഇപ്പോള്‍ ഒരു സന്ദേശം ലഭിച്ചുവെന്ന് വാദത്തിനിടെ ചീഫ് ജസ്റ്റിസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ഉടന്‍ ആശയവിനിമയം നടത്തുകയും അവര്‍ക്ക് വേണ്ട മെഡിക്കല്‍ സജ്ജീകരണങ്ങള്‍ ഒരുക്കുകയും വേണമെന്ന് ചീഫ് ജസ്റ്റിസ് അഭിഭാഷകനോട് നിര്‍ദേശിച്ചു.