യാംബു: യാംബു മുനിസിപ്പാലിറ്റി പരിധിയിൽ കോവിഡ് പ്രോട്ടോകോൾ ലംഘനം നടത്തിയ 253 പേർക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. മൂന്നു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്ത കേസുകളാണിത്. മാസ്ക് ധരിക്കാത്തതിന് 238 പേർക്കും സാമൂഹിക അകലം പാലിക്കാത്തതിന് 15 പേർക്കുമാണ് സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ പിഴ ചുമത്തിയത്.
ആരോഗ്യ സുരക്ഷ നിയമങ്ങൾ പാലിക്കുന്നത് നിരീക്ഷിക്കാൻ വിവിധ വിഭാഗങ്ങൾ എപ്പോഴും രംഗത്തുണ്ടാവുമെന്നും കോവിഡ് വ്യാപനം കുറക്കാൻ ജാഗ്രത അനിവാര്യമാണെന്നും യാംബു ഗവർണറേറ്റ് അധികൃതർ ട്വീറ്റ് ചെയ്തു. മൂക്ക് മൂടാതെ മാസ്ക് ധരിക്കുന്നതും സമൂഹികഅകലം പാലിക്കാതെ പൊതുസ്ഥലങ്ങളിൽ ഇടപഴകുന്നതും പിഴ ചുമത്തുന്ന കുറ്റമാണ്.
മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ, പോലീസ് വിഭാഗങ്ങൾ, വാണിജ്യ, ആരോഗ്യ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ അടങ്ങിയ സംയുക്ത വിഭാഗമാണ് കോവിഡ് പ്രോട്ടോകോൾ പാലനം നിരീക്ഷിക്കാൻ രംഗത്തുള്ളത്. വരും ദിവസങ്ങളിലും പരിശോധന തുടരും.