മള്ളൂർ ഗോവിന്ദപ്പിള്ളയെകുറിച്ച് പ്രമുഖ നിരൂപകൻ എം രാജീവ് കുമാർ എഴുതുന്ന പംക്തി
തിരുവനന്തപുരത്ത് ഇപ്പോഴും പഴമക്കാർ ഓർക്കാറുള്ളൊരു ചൊല്ലുണ്ട് ” ആയിരം രൂപയും മള്ളൂരുമുണ്ടെങ്കിൽ ആരേയും കൊല്ലാമേ , രാമനാരായണ!”അത്രക്ക് വലിയ വക്കീലായിരുന്നു, മള്ളൂർ ഗോവിന്ദപ്പിള്ള . മള്ളൂർ എന്ന് കേൾക്കുമ്പോൾ തന്നെ അത് ഗോവിന്ദപ്പിള്ള വക്കീലിന് അവകാശപ്പെട്ടതാണ്.എഴുത്തുകാരൻ എന്ന നിലയിൽ പുകൾപെറ്റ സാന്നിധ്യമാകാത്തതിനു കാരണം വക്കീൽപ്പണിയിൽ അങ്ങ് കയറിപ്പോയതു കൊണ്ടാവും.
കോട്ടയത്ത് 1878 ൽ ജനിച്ച ഗോവിന്ദപ്പിള്ളയുടെ സ്കൂൾ വിദ്യാഭ്യാസം സി.എം.എസ് സെമിനാരിയിലായിരുന്നു. രക്ഷിതാക്കൾക്ക് മകനെ “കാച്ച് പീച്ചനെ ” ഇംഗ്ലീഷിൽ കടുവറപ്പിക്കാനായിരുന്നു താത്പര്യം. ചിത്തിര നാളിൽ പത്താമുദയത്തിന് ജനിച്ച മകനോ തലവരയിൽ തന്നെ ബുദ്ധി കൂർമ്മൻ! 91 വയസ്സു വരെയാണ് ജീവിച്ചിരുന്നത്.
സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ പത്രത്തിലെഴുത്തുതുടങ്ങി. ജേർണലിസം.
സമസ്യാപൂരണം, കവിതയെഴുത്ത് എന്നിത്യാദി വേറെ. മലയാള മനോരമയിലായിരുന്നു കാവ്യകലവികൾ. സാക്ഷാൽ കേരള വർമ്മ വലിയകോയിത്തമ്പുരാൻ വരെ അഭിനന്ദനം ചൊരിഞ്ഞെന്നു പറഞ്ഞാൽ ഇനം ഏതായിരിക്കുമെന്നു മനസ്സിലായിക്കാണുമല്ലോ.
വയസ്ക്കര ഇല്ലത്തു വച്ച് പച്ച മലയാളപ്പുലി വെൺമണി മഹൻ നമ്പൂതിരിയെ വരെ വാലിൽ തൂക്കി മലർത്തിയടിച്ച കക്ഷിയാണ്. കോട്ടയത്തിന്റെ ഒരേയൊരു ബാലനായിരുന്നു മള്ളൂർ ഗോവിന്ദപ്പിള്ള |
ചെറുതിലേ എഴുത്തു തുടങ്ങി. മനോരമയിലും “നസ്രാണി ” ദീപികയിലും എഴുതിയ ലേഖനങ്ങൾക്ക് കയ്യും കണക്കുമില്ല. പല പത്രങ്ങളിലും ആമുഖപ്രസംഗം വരെ എഴുതിയിട്ടുണ്ട്.ആറേഴു പത്രങ്ങളിൽ ഒരുമിച്ചെ ഴുതുക എന്നൊക്കെപ്പറഞ്ഞാൽ ജോയ്സിക്കും മാത്യു മറ്റത്തിനും മുമ്പേ കോട്ടയം പത്രങ്ങളിൽ തുടങ്ങിയത് മള്ളൂരാണ്. കരളലിയിക്കുന്ന കദനകഥകളല്ല. കരിങ്കല്ലന്മാരുടെ കണ്ണു തുറപ്പിക്കുന്ന ലേഖനങ്ങൾ !
“പത്രാധിപരായ സ്കൂൾ കുട്ടി ” എന്ന് കോട്ടയത്തുകാർ മള്ളൂരിനെ വിളിക്കണമെങ്കിൽ ആൾ ചില്ലറക്കാരനല്ലല്ലോ!
ബി.എ.യ്ക്ക് പഠിക്കാനാണ് തിരുവനന്തപുരത്ത് വരുന്നത്. വന്ന ഉടനെ “വിദ്യാഭിവർദ്ധിനി ” എന്ന പേരിൽ ഒരു സാഹിത്യ കൂട്ടായ് മയുണ്ടാക്കി. 25 വർഷം അത് കൊണ്ടു നടന്നു. കവിതയെഴുത്തും സമസ്യാപൂരണവും സാഹിത്യ ഗുസ്തിയും കവിതക്കബടിയുമൊക്കെ യായി കോളേജ് വിദ്യാഭ്യാസം ആഘോഷിച്ചു. പോരെങ്കിൽ കോളേജ് മലയാള സമാജത്തിന്റെ ആദ്യ കാര്യദർശിയുമായിരുന്നു.
ബി.എ.ക്ക് സ്വർണ്ണ മെഡലോടെയാണ് പാസ്സായത്.ഒരു “പഠിപ്പിസ്റ്റു” മാത്രമായിരുന്നില്ല. പ്രസംഗം, എഴുത്ത് , പത്രമെഴുത്ത് …വില്ലാളിവീരനായിരുന്നു. വീരമണികണ്ഠൻ!പക്ഷേ, അന്നേ അനാചാരങ്ങളോടും അന്ധവിശ്വാസങ്ങളോടും എതിരായിരുന്നു. അത് ജീവിതത്തിലും പകർത്തി. സ്കൂളിൽ കോട്ടയത്ത് പഠിക്കുന്ന കാലത്തേ ബൈബിൾ പരീക്ഷയിലും ഒന്നാമനായിരുന്നു. ബൈബിൾകുരിശിന്റെ തുഞ്ചത്ത് വരെ കയറിയിട്ടുണ്ട്.
പിന്നീട് കുടുംബമായപ്പോൾ എട്ട് പെൺമക്കളേയും ജാതകം നോക്കാതെയാണ് കല്യാണം കഴിപ്പിച്ച് കൊടുത്തത് എന്നു കേൾക്കുമ്പോൾ അത് ബോധ്യമാകും. ജ്യോത്സ്യത്തിൽ തീരെ വിശ്വാസമില്ലായിരുന്നു. എന്നാൽ ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിൽ പതിവായി പോകുമായിരുന്നു.ഉയർന്ന നിലയിൽ ബി.എ. പാസ്സായിട്ട് എത്തപ്പെട്ടതോ അദ്ധ്യാപകപ്പണിയിലും. പിന്നീട് ഡിവിഷണൽ കച്ചേരി ക്ലാർക്ക്, ഹജൂർ ക്ലാർക്ക് എന്നിങ്ങനെ മാറി മാറി പണി നോക്കി ഒടുവിൽ പണിയൊന്നുമില്ലാതിരിക്കുകയാണ് ഗുമസ്തപ്പണിയേക്കാൾ നല്ലതെന്നു നിനച്ച് പണി കളഞ്ഞുകുളിച്ച് തോർത്തി, ബി.എൽ ബിരുദമെടുത്ത് ഗോദയിലേക്ക് ഒറ്റച്ചാട്ടം വച്ചു കൊടുക്കുകയായിരുന്നു.
ഇരുപത്തിയാറാം വയസ്സിലാണ് തിരുവനന്തപുരത്ത് വക്കീലായി മള്ളൂർ കോടതി വരാന്ത കാണുന്നത്. 1904 ൽ!അക്കാലത്ത് ആദ്യം കിട്ടിയ വക്കീൽ ഫീസ് രണ്ട് രൂപയായിരുന്നു. പിന്നെ പ്രസിദ്ധമായ ” ചാല ലഹളക്കേസി “ൽ അയ്യായിരം രൂപയാണ് ഫീസ് കിട്ടിയത്.ഡോ. ബക്കിങ് ഹാം സ്റ്റീഫൻസ് കൊലക്കേസിൽ വിജയം നേടിയതോടൊപ്പം “തിരുവിതാംകൂറിലെ നാർട്ടൻ “എന്ന ബഹുമതിയും നേടി.ഒരു വെടിയുണ്ട വിഴുങ്ങി മുള്ളൂർ നേടിയ ആ കൊല ക്കേസ് വിജയം ഇന്നും വഞ്ചിയൂരെ കേസില്ലാ വക്കീലന്മാർക്കുപോലും അഭിമാനമുണ്ടാക്കുന്നു.ആ കൊലക്കേസുകൾ ആരും തൊട്ടിട്ടില്ല. പണിയില്ലാതെ നിൽക്കുന്ന ജി.ആർ. ഇന്ദുഗോപന് ചാലയിൽ ഒന്ന് കറങ്ങിയാൽ ആ കുത്തു കേസിന്റെ കഥ കിട്ടും. മധുപാൽ സിനിമയാക്കും മുൻപ് മള്ളൂരിനെക്കൂടി ചുറ്റിവരിഞ്ഞങ്ങെടുക്കാൻ ഇപ്പോൾ തന്നെ തിരിച്ചു കൊള്ളുക.
നമുക്ക് കഥതുടരാം.തുടരെ തുടരെ കേസ് ജയിച്ച് കസറിയപ്പോൾഅന്നത്തെ തിരുവനന്തപുരം വക്കീൽ മുൻഷികളായ എ.ഗോവിന്ദപ്പിള്ളയും സദാശിവ അയ്യരും വെങ്കോ ബാചാരിയുമൊക്കെ മള്ളൂരിനെ കെട്ടിപ്പിടിക്കാൻ തുടങ്ങി. അതിലും മീതെഅക്കാലത്തെ ബ്രിട്ടീഷ് ഇന്ത്യൻ വക്കീൽപ്പുലികളായിരുന്ന നാർട്ടൻ, സർ. ജോൺ സൈമൺ, സർ. തേജ് ബഹദൂർ സപ്രു, സർ.വി. ഭാഷ്യം അയ്യങ്കാർ , ഹരിസിങ് ഗോർ, ഭുലാബായ് ദേശായ്…. I അവർ ക്കൊപ്പം കട്ടയ്ക്ക് സമശീർഷനായോ ഒരു പടി ഉയരത്തിലോ നിൽക്കുമായിരുന്നു മള്ളൂർ !
പലരും പറഞ്ഞു തിരുവിതാംകൂർ വിട്ട് വല്ല മദ്രാസിലോ ബോംബയിലോ പോകേണ്ടവനായിരുന്നു ഗോവിന്ദപ്പിള്ളയെന്ന്. എങ്കിൽ ഭാരതത്തിന്റെ ഉത്തരത്തിൽ മുട്ടി നിന്നേനെ അദ്ദഹത്തിന്റെ ഖ്യാതി.
എന്നാൽ തിരുവനന്തപുരത്തെ നായന്മാരെ ഉദ്ധരിക്കാൻ സി.വി.രാമൻ പിള്ളയും സി.കൃഷ്ണപിള്ളയുമൊക്കെ
അരയും തലയും മുറുക്കി മള്ളൂരിന്റെ അദ്ധ്യക്ഷതക്ക് കാത്തു നിൽക്കുമ്പോൾ അവരെ തഴഞ്ഞിട്ട് എങ്ങനെ തിരുവനന്തപുരം വിടും? പിന്നെ തിരുവനന്തപുരം നായമ്മാരുടെ ഗതി എന്താവും? ഇനി എത്ര ഉണ്ടയാണാവോ ഇവന്മാരെല്ലാം കൂടി വിഴുങ്ങിക്കുന്നത് എന്നു നണ്ണിയായിരിക്കും മള്ളൂർ തിരുവനന്തപുരത്ത് കഴിഞ്ഞത്. പത്തു ഭീമഹർജികളുടെ സ്ഥാനത്ത് മള്ളൂരിന്റെ ഒരു വാക്കു മതിയായിരുന്നു പ്രശ്നപരിഹാരത്തിനു് . ഉള്ളിൽ വെടിയുണ്ടയുള്ളതുകൊണ്ടാവും!
മള്ളൂരിന്റെ നിയമ ഗ്രന്‌ഥശേഖരം പ്രസിദ്ധമാണ്. ഭാരതീയ ധർമ്മശാസ്ത്രങ്ങളേയും പാശ്ചാത്യ ധർമ്മശാസ്ത്രങ്ങളേയും താരതമ്യം ചെയ്തു കൊണ്ടുള്ള പ്രസംഗങ്ങൾ പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. കോടതിയിൽ ഹിയറിങ് നടക്കുമ്പോൾ വരാന്തയിലൊരാൾക്കൂട്ടം മള്ളൂരിനെ ശ്രദ്ധിക്കാനുണ്ടാകുമായിരുന്നു.ദിവാൻ വി.എസ്.സുബ്ബയ്യരുടെ നിർബന്ധപൂർവമായ പ്രേരണയിൽ കുറെക്കാലം ലോകോളേജ് പ്രിൻസിപ്പലായിട്ടിരുന്നു.
കേരളത്തിലൊരു സർവ്വകലാശാല വേണമെന്ന് ആദ്യമായി വാദിച്ചത് മള്ളൂരാണ്. കേരള സർവ്വകലാശാലയിലെവിടെയെങ്കിലും മള്ളൂരിന്റെ ഒരു പടംചില്ലിട്ടു വെച്ചിട്ടുണ്ടോ? എവിടെ മള്ളൂരെന്നു പറഞ്ഞാൽ ആകാശവാണിയിലുണ്ടായിരുന്ന മള്ളൂർ രാമകൃഷ്ണനോ എന്ന് ചോദിക്കുന്നവരല്ലേ? ഞാനൊന്ന് ആലോചിക്കുകയായിരുന്നുഇന്ന് മള്ളൂര് യൂണിവേഴ്സിറ്റിയുടെ വക്കീലായിരുന്നെങ്കിൽ എത്ര ഉണ്ട വിഴങ്ങണമായിരുന്നു! അല്ല തോക്കോടെ വിഴങ്ങണമായിരുന്നില്ലേ?
എഴുത്തുകാരനെന്ന നിലയിൽ മള്ളൂർ ഗോവിന്ദപ്പിളളയെ ഇന്ന് ആരെങ്കിലും ഓർക്കുന്നുണ്ടാവുമോ?
എട്ടുപത്തു കൃതികൾ തന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്. സമാഹരിക്കാത്ത ആയിരത്തിൽപ്പരം ലേഖനങ്ങളും.
പരിഷത്ത് സമ്മേളനങ്ങളിലെ അദ്ധ്യക്ഷ പ്രസംഗങ്ങൾ, ഗാന്ധിജിയും ക്രിസ്തുവും, ക്രോസ് വിസ്താരം, അര നൂറ്റാണ്ടുകാലത്തെ അഭിഭാഷക ജീവിതം, ഇന്നത്തെ തിരുവനന്തപുരം ദണ്ഡനീതി, 100 ലെ നായർ റഗുലേഷൻ,നമ്മുടെ സമുദായ മര്യാദകൾ, ഒരു കാരണവന്റെ വിലാപം, എന്നിവയൊന്നും ഇന്ന് പ്രചാരത്തിലില്ല. 1969 ജൂൺ 20 ന് മള്ളൂർഅന്തരിച്ചിട്ട് ഇപ്പോൾ അറുപത് വർഷമായിട്ടില്ല.
ഭാര്യ പാറുക്കുട്ടിയമ്മ എട്ട് പെൺ സന്താനങ്ങൾക്കാണ് ജന്മം കൊടുത്തത്.മള്ളൂരിന്റെ കുടുംബ ജീവിതം സുഖ സ്വഛമായിരുന്നു. ഭാര്യ മരിച്ചതിനുശേഷമുള്ള അഞ്ചാറ് വർഷം ജീവിതത്തിൽ നിന്ന് വിട്ടു നിന്നതുപോലെയായിരുന്നു.കള്ളസാക്ഷികളെ ചീത്ത പറഞ്ഞ് കണ്ണു പൊട്ടിക്കുന്ന മള്ളൂർ പഠിപ്പിക്കുന്നൊരു പാഠമുണ്ട് : എന്ത് അധാർമ്മികത കാട്ടിയാലും മനുഷ്യത്വവും മനുഷ്യനീതിയും നിയമത്തിനപ്പുറമല്ല.