ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപിയിലെ വിമത സ്വരമായി എം.പി. വരുണ്‍ ഗാന്ധി. പ്രതിഷേധ ശബ്ദങ്ങളെ കൊലയിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും പുറത്തുവന്ന വീഡിയോകളില്‍ കാര്യങ്ങള്‍ വ്യക്തമെന്നും വരുണ്‍ഗാന്ധി വ്യക്തമാക്കി. നിഷ്കളങ്കരായ കര്‍ഷകരുടെ ചോരയ്ക്ക് ഉത്തരവാദിത്തം പറയണം. നീതി ഉറപ്പാക്കണമെന്നും അഹന്തയ്ക്ക് മറുപടി നല്‍കണമെന്നും വരുണ്‍ഗാന്ധി ട്വീറ്റ് ചെയ്തു.
‘വീഡിയോ വളരെ വ്യക്തമാണ്. കൊലപാതകത്തിലൂടെ പ്രതിഷേധക്കാരെ നിശബ്ദരാക്കാന്‍ സാധിക്കില്ല. ക്രൂരതയും അഹങ്കാരവും പ്രതിഫലിക്കുന്ന ഈ ദൃശ്യങ്ങള്‍ ഓരോ കര്‍ഷകന്റെ മനസ്സിലേക്കും വ്യാപിക്കുന്നതിന് മുമ്പ് നിരപരാധികളായ കര്‍ഷകരുടെ ചോര വീഴ്ചത്തിയവര്‍ ഉത്തരവാദിത്തം ഏല്‍ക്കണം നീതി ലഭ്യമാക്കണം’ വരുണ്‍ ഗാന്ധി ട്വീറ്റിൽ കുറിച്ചു.
The video is crystal clear. Protestors cannot be silenced through murder. There has to be accountability for the innocent blood of farmers that has been spilled and justice must be delivered before a message of arrogance and cruelty enters the minds of every farmer. 🙏🏻🙏🏻 pic.twitter.com/Z6NLCfuujK
— Varun Gandhi (@varungandhi80) October 7, 2021
എന്നാൽ സംഭവത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്ര തല്‍ക്കാലം മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്ന് ബിജെപി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ചുമതലകള്‍ വഹിക്കാന്‍ തടസമില്ല. അജയ് മിശ്ര ഇന്നലെ അമിത് ഷായോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. അതിനിടെ, മന്ത്രിയുടെയും മകന്റെയും വാദങ്ങൾ പൊളിച്ച് കർഷകരുടെ മേൽ വാഹനം ഇടിപ്പിക്കുന്ന പുതിയ ദൃശ്യങ്ങൾ പുറത്തുവന്നു.
അതേസമയം യുപിയിൽ കർഷകരെ ഒപ്പം നിർത്താനുള്ള ബിജെപി ശ്രമങ്ങളും സജീവമാണ്. യു.പിയില്‍ ഈ മാസം 15 മുതല്‍ താഴെത്തട്ടില്‍ വിപുലമായ സമ്പര്‍ക്കപരിപാടികള്‍ സംഘടിപ്പിക്കും. 56, 000 കര്‍ഷക കൂട്ടായ്മ യോഗങ്ങള്‍ സംഘടിപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് കര്‍ഷകരോഷം തണുപ്പിക്കാനുള്ള നീക്കം.