ന്യൂഡല്‍ഹി: ലോകത്തിലെ പ്രമുഖ അത്‌ലറ്റിക്‌സ് ഉപകരണ നിര്‍മാതാക്കളാണ് നോര്‍ഡിക് സ്‌പോര്‍ട്‌സ്. അവര്‍ സാധാരണ നിര്‍മിക്കാറുള്ള ഫ്‌ളൂറസെന്റ് ഗ്രീന്‍ നിറത്തിലുള്ള വല്‍ഹല്ല 800 എന്‍.എക്‌സ്.എസ് ജാവലിന് 80,000 രൂപയ്ക്കെടുത്താണ് വില. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ജാവലിന് ഒക്ടോബര്‍ ഏഴിന് അവസാനിക്കുന്ന ഒരു ഓണ്‍ലൈന്‍ ലേലത്തില്‍ ലഭിക്കാന്‍ പോകുന്ന വില ഒരു കോടിയിലേറെയാണ്.
ഇപ്പറഞ്ഞ ജാവലിന്‍ ചില്ലറ കക്ഷിയൊന്നുമല്ല. നീരജ് ചോപ്ര ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം എറിഞ്ഞിട്ട ജാവലിനാണിത്. ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ ജാവലിന്‍ എന്ന റെക്കോഡിലേക്കാണ് നീരജിന്റെ ജാവലിന്റെ പോക്ക്. കേന്ദ്ര സര്‍ക്കാരാണ് ലേലം സംഘടിപ്പിക്കുന്നത്. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനമായി ലഭിച്ച വസ്തുക്കളും മറ്റ് ഉപഹാരങ്ങളുമാണ് ഈ ലേലത്തിലുള്ളത്. ഗംഗാ നദി വൃത്തിയാക്കാനുള്ള പദ്ധതിയായ നമാമി ഗംഗ മിഷനായി പണം സ്വരൂപിക്കുന്നതിനാണ് കേന്ദ്രം പ്രധാനമന്ത്രിക്ക് ലഭിച്ച വസ്തുക്കള്‍ ലേലത്തിന് വെച്ചത്. താന്‍ സ്വര്‍ണം എറിഞ്ഞിട്ട ജാവലിന്‍ നീരജ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു. നീരജിന്റെ ഓട്ടോഗ്രാഫ് ഉള്‍ക്കൊള്ളുന്ന ജാവലിന് ലേലത്തില്‍ വില കുത്തനെ ഉയരുകയായിരുന്നു.
പ്രധാനമന്ത്രിക്ക് ലഭിച്ച 1348 വസ്തുക്കളാണ് ലേലത്തിനുള്ളത്. ഇതിലൂടെ 10 കോടിയോളം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ സുമിത് ആന്റില്‍ ഉപയോഗിച്ച ജാവലിനും ഒരു കോടിയാണ് അടിസ്ഥാന വില. ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു ഒളിമ്പിക്‌സില്‍ ഉപയോഗിച്ച റാക്കറ്റും ലേലത്തിനുണ്ട്. ടോക്യോ ഒളിമ്പിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഹോക്കി താരങ്ങളുടെയെല്ലാം ഒപ്പുകളടങ്ങിയ ഹോക്കി സ്റ്റിക്കും ലേലത്തിനുണ്ട്. 80 ലക്ഷമാണ് ഈ ഹോക്കി സ്റ്റിക്കിന്റെ അടിസ്ഥാന വില. ഇവയെല്ലാം തന്നെ താരങ്ങള്‍ പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയവയാണ്.