നെടുമ്പാശ്ശേരി : എയർ ഇന്ത്യ വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം. ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്ന് കൊച്ചിക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലാണ് പത്തനംതിട്ട സ്വദേശിനി മരിയ ഫിലിപ്പ് പ്രസവിച്ചത്. വിമാനം ലണ്ടനിൽനിന്ന് പുറപ്പെട്ട് അധികം വൈകാതെ ഏഴ് മാസം ഗർഭിണിയായ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരുടെയും നാല് നഴ്‌സുമാരുടെയും കാബിൻ ജീവനക്കാരുടെയും സഹായത്തോടെ യുവതി പ്രസവിച്ചു.
പിന്നീട് അമ്മയ്ക്കും കുഞ്ഞിനും മെഡിക്കല്‍ സഹായം നൽകാനായി വിമാനം ഏറ്റവും അടുത്തുള്ള ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിലിറക്കി. വിമാനത്തില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ഫ്രാങ്ക്ഫുർട് വിമാനത്താവളത്തിൽ അടിയന്തര മെഡിക്കൽ സംവിധാനങ്ങളൊരുക്കിയിരുന്നു.ഉടൻ അമ്മയെയും കുഞ്ഞിനെയും ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ഫ്രാങ്ക്ഫുർട്ടിൽനിന്ന് തിരികെ പറന്ന വിമാനം ആറ് മണിക്കൂർ വൈകി ബുധനാഴ്ച രാവിലെ 9.45-ന് കൊച്ചിയിലിറങ്ങിയത്. 210 യാത്രക്കാരുമായി പറന്ന വിമാനം വനിത പൈലറ്റായ ഷോമ സുർ ആണ് നിയന്ത്രിച്ചിരുന്നത്.

















