ലഖിംപൂര്‍: രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപൂരിലെത്തി. ഇരുവരും പാലിയയിലെ നോവാ ഗ്രാമത്തിലെ കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിക്കുകയാണ്.
ഉത്തര്‍പ്രദേശ് പൊലീസിന്‍റെ കരുതല്‍ തടങ്കലില്‍ നിന്ന് വിട്ടയച്ച പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ലഖിംപൂരിലെത്തിയത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും ലഖിംപൂര്‍ ഖേരി സന്ദര്‍ശിക്കാന്‍ യു.പി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
വിമാന മാർഗം ലഖ്നൗവിൽ എത്തിയ ശേഷം ലഖീംപൂരിലേക്ക് റോഡ് വഴിയായിരുന്നു യാത്ര. യുപിയിൽ എത്താൻ രാഹുൽ ഗാന്ധിയെ അനുവദിക്കരുതെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും 59 മണിക്കൂർ കരുതല്‍ തടങ്കലിലാക്കിയ പ്രിയങ്കയുടെയും കർഷകരെ കണ്ടേ മടങ്ങൂവെന്ന രാഹുലിന്‍റേയും നിശ്ചയദാർഡ്യത്തിന് മുന്നില്‍ യുപി പൊലീസും കേന്ദ്രസർക്കാറും മുട്ടുമടക്കുകയായിരുന്നു.
ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ യു.പി സര്‍ക്കാറിന്‍റെ നിലപാട്. കര്‍ഷക കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.
അനുമതി നിഷേധിച്ചാലും കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണാൻ ലഖിംപൂരിലേക്ക് പോകുമെന്ന് രാഹുൽഗാന്ധി നേരത്തേ അറിയിച്ചിരുന്നു. കർഷകർക്കെതിരെ രാജ്യത്ത് വ്യവസ്ഥാപിതമായ ആക്രമണമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.