തൃശൂർ: കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി കുഴൽപ്പണത്തിൽ ഒന്നര ലക്ഷത്തോളം രൂപ കൂടി കണ്ടെടുത്തു. കവർച്ചാ കേസിലെ പ്രതി രഞ്ജിത്തിന്റെ സുഹൃത്തിന്റെ ചാലക്കുടിയിലെ വീട്ടിൽ നിന്നാണ് 1,40,000 രൂപ കണ്ടെടുത്തത്.
കേസില്‍ ഇനിയും പണം കണ്ടെടുക്കാനുണ്ട്. ഇത് സംബന്ധിച്ച അന്വേഷണം പോലീസ് നടത്തിവരികയാണ്. കേസിലെ 22 പ്രതികളെ വീണ്ടും ചോദ്യം ചെയ്ത് വരികയാണ്. പ്രതി ബാബു, അയാളുടെ ഭാര്യ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് സംഘം ചോദ്യം ചെയ്തിരുന്നു.
ഏകദേശം ഒന്നരക്കോടി രൂപ മാത്രമാണ് ഇതുവരെ വീണ്ടെടുക്കാന്‍ സാധിച്ചിട്ടുള്ളു. മൂന്നരക്കോടി രൂപയുടെ കവര്‍ച്ച നടന്നു എന്നും. കവര്‍ച്ച ചെയ്യപ്പെട്ട പണം ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്നുമാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.
ഏപ്രിൽ 3 ന് കൊടകര ദേശീയ പാതയിൽ വെച്ച് കാറിൽ കൊണ്ടു പോവുകയായിരുന്ന മൂന്നര കോടി രൂപ ക്രിമിനൽ സംഘം തട്ടിയെടുക്കുകയായിരുന്നു. 22 പ്രതികളാണ് കേസിലുള്ളത്. ഇതിൽ 21 പേർക്കും ജാമ്യം ലഭിച്ചിരുന്നു. കേസിൽ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി നേതാക്കൾ സാക്ഷികളാണ്.

















