തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ നല്‍കണമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശം പരിഗണിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര് അനില്‍. ഇന്ന് നിയമസഭയില്‍ അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടുന്നതിനിടെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
പ്രതിപക്ഷ നേതാവിന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് അടിയന്തിര റിപ്പോര്‍ട്ട് നല്കാന് പൊതുവിതരണ വകുപ്പ് ഡയറക്ടറോട് ഭക്ഷ്യമന്ത്രി ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ഔദ്യോഗികമായി പ്രതിപക്ഷ നേതാവിനെ അറിയിച്ചു. 2013 ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് എന്‍ഡോസള്‍ഫാന്‍ ഇരകളെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവരില്‍ പലരെയും പിന്നീട് ഒഴിവാക്കിയെന്നത് പ്രതിപക്ഷ നേതാവ് സഭയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു.