തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് ഇരയായവരുടെ നഷ്ടപ്പെട്ട തുക വീണ്ടെടുക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ചിട്ടി കമ്പനി ഉടമകള്‍ മുപ്പതിനായിരത്തോളം പേരില്‍ നിന്നും 2000 കോടിയോളം രൂപയാണ് തട്ടിയെടുത്ത്.
പോപ്പുലര്‍ സ്ഥാപനങ്ങളുടെയും അതിന്റെ നടത്തിപ്പുകാരുടെയും അവരുടെ ബിനാമികളായി പ്രവര്‍ത്തിക്കുന്നവരുടെയും പേരിലുള്ള ബാങ്ക് നിക്ഷേപങ്ങള്‍, സ്ഥാവര ജംഗമ സ്വത്തുക്കള്‍, ബ്രാഞ്ചുകളില്‍ ഉള്ള പണവും സ്വര്‍ണവും, ആഡംബര കാറുകള്‍, നശിച്ചു പോകാനിടയുള്ള മറ്റു വസ്തുക്കള്‍ എന്നിവ കാലഹരണപ്പെട്ടു പോകുന്നതിനു മുന്‍പായി കണ്ടു കെട്ടി, ലേലം ചെയ്ത് പണം നഷ്ടമായവര്‍ക്ക് നല്‍കണം. പെന്‍ഷന്‍ തുകയും സ്ഥലം വിറ്റുകിട്ടിയ പണവും നിക്ഷേപിച്ച പാവങ്ങളും സാധാരണക്കാരുമാണ് തട്ടിപ്പിന് ഇരയായതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പോപ്പുലര്‍ ഫിനാന്‍സ് സ്ഥാപനത്തിന്റെ എല്ലാ ശാഖകളും അടച്ചുപൂട്ടി സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടി എല്ലാ ക്രയവിക്രയങ്ങളും മരവിപ്പിച്ച് റിപ്പോര്‍ട്ട് സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി. എല്ലാ ജില്ലകളിലും ഓരോ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതിയെ ബഡ്സ് ആക്ട് പ്രകാരമുള്ള കേസുകള്‍ വിചാരണ ചെയ്യുന്നതിനുള്ള കോടതികളായി ഡെസിഗ്നേറ്റ് ചെയ്ത് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണത്തിന് ആവശ്യമായ എല്ലാ സഹകരണവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും തട്ടിപ്പിന് വിധേയരായവരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.