കൊച്ചി: കലൂരില്‍ ഓടയുടെ പണിക്കിടെ മതിലിടിഞ്ഞു വീണ് രണ്ടുപേര്‍ കുടുങ്ങി. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥരും പോലീസും സംഭവസ്ഥലത്തെത്തി ഇവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.
കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് മതിലിന്റെ ഭാഗം മുറിച്ച് നീക്കി പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന. കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കാല്‍ കുടുങ്ങിയ നിലയിലാണ് രണ്ടു തൊഴിലാളികളും.
കോണ്‍ക്രീറ്റ് മുഴുവനായും മുറിച്ചുമാറ്റാതെ ഇവര്‍ക്ക് കാല്‍ അനക്കാന്‍ പോലുമാകാത്ത സ്ഥിതിയാണ്. വലിയ പാളിയായതിനാല്‍ മുറിച്ചുമാറ്റാന്‍ രക്ഷാപ്രവർത്തകർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. അര മണിക്കൂറിലേറെയായി ഇവര്‍ വേദന സഹിച്ച് കുടുങ്ങിക്കിടക്കുകയാണ്.
ഇവരെ പുറത്തെടുത്താല്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലന്‍സ് അടക്കമുള്ള എല്ലാ സജ്ജീകരണങ്ങളും ഇവിടെ തയ്യാറാണ്. ഇതില്‍ ഒരാളെ പുറത്തെടുത്തതായാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം.