പാലക്കാട്; വനം മന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം വഴുതക്കാട്ടെ വനം വകുപ്പ് ആസ്ഥാനത്തെ ക്ലർക്കിനെന്ന പരാതിയുമായി ഉന്നത ഉദ്യോഗസ്ഥർ.വനം വകുപ്പിൽ 20 വർഷമായി ബൈന്റർ തസ്തികയിൽ ജോലി ചെയ്തിരുന്ന ഷാജി ബാലമോഹനാണ് മന്ത്രിയെയും ഓഫീസിനെയും നിയന്ത്രിക്കുന്നതെന്നാണ് പരാതി.രണ്ടാം പിണറായി സർക്കാരിൽ വനംമന്ത്രിയായ എ.കെ ശശീന്ദ്രന്റെ ഓഫീസിലെ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതോടൊപ്പം മന്ത്രിയുടെ പി.ആർ. ആണെന്ന രീതിയിൽ വകുപ്പിന്റെ കാര്യങ്ങൾ ഇടപെടുന്നുവെന്ന പരാതിയും ഉയരുന്നുണ്ട്.
എന്നാൽ വനംവകുപ്പ് ആസ്ഥാനത്തെ ജോലിക്ക് തടസ്സം വരാത്ത രീതിയിൽ മന്ത്രിയുടെ ഓഫിസിലുള്ള സോഷ്യൽ മീഡിയ കോഓഡിനേറ്ററെ സഹായിക്കാനാണ് നിയമിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ പ്രതികരണം.എന്നാൽ ഷാജി തിരുവനന്തപുരത്തിന് പുറത്തുള്ള വനംവകുപ്പ് ഓഫീസുകളിലും ഓഫിസർമാ ർക്കിടയിലും പി.ആർ.ഒ എന്ന നിലയിൽ ഇടപെടൽ നടത്തുകയും അവരെ നിയന്ത്രിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നാണ് ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. മന്ത്രിയുടെ യാത്രകളിൽ കൂടെ പോകുന്നതുകൊണ്ട് മറ്റുള്ളവർക്കിടയിൽ പി.ആർ.ഒ ആണെന്ന ചിത്രമാണുള്ളതെന്നും ട്രാൻസ് പോസ്റ്റിങ് പോലുള്ള കാര്യങ്ങളിൽ ഇടപെടുന്നുവെന്നും പരാതി ഉയരുന്നുണ്ട്.
വനംമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കു അനുവദിച്ചിട്ടുള്ള ഇന്നോവ കാർ ഉപയോഗിക്കുന്നത് ഷാജിയാണ്. മന്ത്രിയുടെ മറ്റുവാഹനങ്ങളും ഇയാൽ ഇതേ രീതിയിൽ ഉപയോഗിക്കുന്നുണ്ട്.ഇതിന്റെയൊക്കെ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. മന്ത്രിയുടെ ഫേസ്‍ബുക്ക് കൈകാര്യം ചെയ്യുന്നത് ഷാജിയാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.