തിരുവനന്തപുരം; പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ നിര്യാണത്തിൽ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.ആറ് പതിറ്റാണ്ട് മാധ്യമ രംഗത്ത് നിറഞ്ഞു നിന്ന യേശുദാസൻ കാർട്ടൂൺ എന്ന കലയെ ജനപ്രിയമാക്കി. കേരളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂണിന്റെ രചയിതാവായ യേശുദാസൻ വരകളിലൂടെ വിമർശിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം,
രാഷ്ട്രീയ കാർട്ടൂണുകളുടെ കുലപതി യേശുദാസന് വിട. ഇന്ത്യയുടേയും കേരളത്തിന്റേയും രാഷ്ട്രീയ ചരിത്രത്തെ വരകളിലൂടെ അടയാളപ്പെടുത്തുകയായിരുന്നു യേശുദാസൻ. ആറ് പതിറ്റാണ്ട് മാധ്യമ രംഗത്ത് നിറഞ്ഞു നിന്ന യേശുദാസൻ കാർട്ടൂൺ എന്ന കലയെ ജനപ്രിയമാക്കി. കേരളത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂണിന്റെ രചയിതാവായ യേശുദാസൻ വരകളിലൂടെ വിമർശിച്ചു , ചിരിപ്പിച്ചു , ചിന്തിപ്പിച്ചു…. കെ.ജി.ജോർജിന്റെ പഞ്ചവടിപ്പാലത്തിന്റെ സംഭാഷണമെഴുതിയ യേശുദാസൻ തന്റെ പ്രതിഭയുടെ ആഴം വ്യക്തമാക്കി തന്നു. അദ്ദേഹത്തിന്റെ വരകൾക്ക് മരണമില്ല. കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്ക് ചേരുന്നു.