ന്യൂഡൽഹി: ലഖിംപുർ ഖേരി സംഭവത്തിൽ യുപി സർക്കാരിന് അന്ത്യശാസനവുമായി കിസാൻ മോർച്ച (Kisan Morcha). കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെയും (Ajay Mishra) മകനെയും ഒരാഴ്ചക്കുള്ളിൽ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. എഫ്ഐആറിലടക്കം ആശിഷ് മിശ്രയുടെ (Asish Mishra) പങ്ക് വ്യക്തമായ സാഹചര്യത്തിൽ നടപടി വൈകിപ്പിക്കരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അറസ്റ്റ് നീണ്ടാൽ കർഷക പ്രതിഷേധം വീണ്ടും ശക്തമാക്കുമെന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു.
അതേസമയം ലഖിംപുർ (Lakhimpur) സംഘർഷത്തിൽ പൊലീസ് ഇട്ട എഫ്ഐആറിൽ മന്ത്രിയുടെ മകന്റെ പേരുമുണ്ട്. കർഷകർക്ക് നേരെ ഇടിച്ച് കയറിയ വാഹനത്തിൽ ആശിഷ് മിശ്ര ഉണ്ടായിരുന്നുവെന്നാണ് എഫ്ഐആർ. അപകടമുണ്ടാക്കുന്ന രീതിയിൽ ആശിഷ് വാഹനം കർഷകർക്ക് നേരെ ഓടിച്ചു. സംഭവത്തിന് ശേഷം ആശിഷ് കരിമ്പ് തോട്ടത്തിലേക്ക് ഓടി ഒളിച്ചു. ആൾക്കൂട്ടത്തിന് നേരെ ഇയാൾ വെടിവച്ചന്നും എഫ്ഐആറിൽ പറയുന്നു. ഇതോടെ മകൻ സംഭവസ്ഥലത്തില്ലായിരുന്നെന്ന കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ വാദമാണ് പൊളിയുന്നത്.