കൊച്ചി: പ്രമുഖ കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. 83 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം സംഭവിച്ചത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം.
ആലപ്പുഴ മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്.ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ കുലപതിയായ ശങ്കറിനോടൊപ്പം ശങ്കേഴ്സ് വീക്കിലിയിൽ പരിശീലനം നേടിയ കാർട്ടൂണിസ്റ്റുകളിൽ ഒരാളാണ് യേശുദാസൻ. വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളും അദ്ദേഹത്തിന്റെ കാർട്ടൂണുകളുടെ മാത്രം പ്രത്യേകതയാണ്.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനാണ്. കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാർട്ടൂണിന്റെ രചയിതാവ്. മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു. കേരള ലളിതകലാ അക്കാദമി ഉപാധ്യക്ഷനായിരുന്നു. ശങ്കേഴ്സ് വീക്കിലി, ജനയുഗം, ബാലയുഗം, മലയാള മനോരമ, കട്ട്-കട്ട്, അസാധു എന്നിവയിൽ പ്രവർത്തിച്ചു.