ഐപിഎല്ലിൽ രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിന് തകര്‍ത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി മുംബൈ ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ ഉയര്‍ത്തിയ 91 റണ്‍സ് വിജയലക്ഷ്യം 8.2 ഓവറില്‍ വെറും രണ്ടു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി മുംബൈ മറികടന്നു.
വിജയം നേടിയതോടെ നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്തിയ മുംബൈക്ക് അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെതിരെയും ജയിക്കാനായാല്‍ പ്ലേ ഓഫില്‍ പ്രതീക്ഷ വയ്ക്കാനാകും.
തകര്‍ത്തടിച്ച് 25 പന്തില്‍ നിന്ന് മൂന്ന് സിക്‌സും അഞ്ചു ഫോറുമടക്കം 50 റണ്‍സോടെ പുറത്താകാതെ നിന്ന ഇഷാന്‍ കിഷനാണ് മുംബൈയെ അനായാസം വിജയത്തിലെത്തിച്ചത്. നായകന്‍ രോഹിത് ശര്‍മ 13 പന്തില്‍ 22 റണ്‍സെടുത്തു.
നേരത്തെ ഐ.പി.എല്ലില്‍ മോശം ബാറ്റിങ് പ്രകടനം പുറത്തെടുത്ത രാജസ്ഥാന്‍ റോയല്‍സിന് 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് 90 റണ്‍സ് മാത്രമായിരുന്നു. മങ്ങി. ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാളിന്റെയും എവിന്‍ ലൂയിസിന്റെയും ബാറ്റിങിൽ മൂന്നാം ഓവറില്‍ രാജസ്ഥാന്‍ 27 റണ്‍സിലെത്തി. എന്നാല്‍ 12 റണ്‍സെടുത്ത ജയ്‌സ്വാളിനെ നഥാന്‍ കോള്‍ട്ടര്‍നൈല്‍ മടക്കിയതോടെ രാജസ്ഥാന്‍റെ തകര്‍ച്ചക്ക് തുടക്കമായി. എവിന്‍ ലൂയിസും സഞ്ജു സാംസണും ചേര്‍ന്ന് രാജസ്ഥാനെ ആറാം ഓവറില്‍ 41 റണ്‍സിലെത്തിച്ചെങ്കിലും ലൂയിസിനെ വീഴ്ത്തി ബുമ്ര രാജസ്ഥാന് രണ്ടാം പ്രഹരമേല്‍പ്പിച്ചു.
നാലു വിക്കറ്റ് വീഴ്ത്തിയ നഥാന്‍ കോള്‍ട്ടര്‍ നൈലും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് നീഷാമുമാണ് രാജസ്ഥാനെ തകര്‍ത്തത്. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിയാണ് കോള്‍ട്ടര്‍ നൈല്‍ നാലു വിക്കറ്റ് വീഴ്ത്തിയത്. ബുംറ രണ്ടു വിക്കറ്റെടുത്തു.