ന്യൂഡൽഹി: കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളെ കാണാൻ പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽഗാന്ധിയും ലഖിംപൂർ ഖേരിയിലേക്ക്. രാഹുലിന്റെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് നാളെ ജില്ലയിലേക്ക് തിരിക്കുക. സന്ദര്‍ശനം സംബന്ധിച്ച് കോൺഗ്രസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തുനൽകി.
കർഷകരുടെ ബന്ധുക്കളെ കാണാൻ അനുമതി നൽകാതെ തടങ്കലിലാണ് പ്രിയങ്ക. തന്റെ അറസ്റ്റ് സംബന്ധിച്ച് ഔദ്യോഗികമായ ഒരറിയിപ്പുമില്ലെന്ന് പ്രിയങ്ക ഗാന്ധി പറയുന്നു. തനിക്ക് വസ്ത്രവുമായി എത്തിയവർക്കെതിരെ പോലും കേസെടുത്തിരിക്കുകയാണ്. ഇതുവരെയും മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയിട്ടില്ല. നിയമസഹായം തേടാൻ അനുവദിക്കുന്നില്ലെന്നും പ്രിയങ്ക അറിയിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണമെന്ന് പ്രിയങ്കാ ഗാന്ധി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സീതാപൂരിൽ സമരം ചെയ്യുന്ന പ്രവർത്തകരോട് ഫോണിലൂടെയാണ് പ്രിയങ്കയുടെ ആഹ്വാനം. വെല്ലുവിളികളെ അതിജീവിച്ചും സമരം തുടരുമെന്നും അവർ വ്യക്തമാക്കി.
ലംഖിംപൂരിൽ കേന്ദ്രമന്ത്രിയുടെ കാർ കയറ്റി കൊലപ്പെടുത്തിയ കർഷകരെ കാണാനെത്തിയപ്പോഴാണ് പ്രിയങ്കയെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്തത്. സമാധാനഭംഗം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രിയങ്കയെ അറസ്റ്റ് ചെയ്തത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രിയങ്കയുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്.
ലക്നൗവിലെത്തിയ ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ തടഞ്ഞു വച്ചതും നാടകീയ സംഭവങ്ങൾക്കിടയാക്കി. വിമാനത്താവളത്തിൽ കുത്തിയിരുന്ന ഭൂപേഷ് ബാഗെൽ വിർച്ച്വൽ വാർത്താസമ്മേളനം നടത്തി.
ബിജെപി നേതാവ് വരുൺഗാന്ധിയും വാഹനം ഇടിച്ചു കയറുന്നതിൻറെ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചു. ആരെയും നടുക്കുന്ന കാഴ്ചയെന്ന് കുറിച്ച് വരുൺ ഗാന്ധി അതൃപ്തി പ്രകടമാക്കി. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്മിശ്രയ്ക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എൻറെ മകൻ അവിടെ ഇല്ലായിരുന്നു എന്ന കാര്യം ഇപ്പോൾ വ്യക്തമായിട്ടുണ്ട് എന്നാണ് അജയ് മിശ്ര പറയുന്നത്.
മരിച്ച കർഷകർക്ക് ആർക്കും വെടിയേറ്റിരുന്നില്ല എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ മരിച്ച ഗുർവിന്ദർ സിംഗിൻറെ കുടുംബം റീപോസ്റ്റുമോർട്ടം ആവശ്യപ്പെട്ടത് അംഗീകരിച്ചു. കർഷകന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. കുടുംബത്തിന്റെ ആവശ്യം ജില്ലാ ഭരണക്കൂടം അംഗീകരിക്കുകയായിരുന്നു. ഗുർവീന്ദർ സിംഗിന് വെടിയേറ്റുവെന്ന് ആരോപണമുയർന്നിരുന്നു. രണ്ട് കർഷകരുടെ മൃതദേഹം സംസ്ക്കരിച്ചതായി കർഷക നേതാവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.