കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിനെ (monson mavunkal) മൂന്ന് ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പാലാ സ്വദേശി രാജീവിന്റെ പരാതിയിലുള്ള അന്വേഷണത്തിനാണ് മോൻസണിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്.
മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചത്. സ്വന്തം അക്കൗണ്ട് വഴിയല്ല മോൻസൺ ഇടപാടുകൾ നടത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആര് വഴിയാണ് ഇടപാടുകൾ നടത്തിയത് എന്നതിൽ വ്യക്തത വരുത്തേണ്ടതുണ്ട്. അതിനായി മോൻസണെ വിശദമായി ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഈ വാദത്തിന്റെ അടിസ്ഥാനത്തിലാണ് മോൻസണിനെ മൂന്ന് ദിവസത്തേക്ക് കൂടി എറണാകുളം എസിജെഎം കോടതി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടത്.